ആധാരമെഴുത്തിനുമുണ്ട് ഒരു 'ആധാരശില"

Friday 11 September 2020 12:25 AM IST

ആലപ്പുഴ: ഒറ്റവായനയിൽ അങ്ങനെയാർക്കും പിടികൊടുക്കാത്ത 'ആധാരമെഴുത്ത് സാഹിത്യ"ത്തിന് ആധികാരികമായൊരു ഗ്രന്ഥമുണ്ട്, രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനുമായിരുന്ന കായംകുളം സ്വദേശി കോഴിശ്ശേരി മാധവൻപിള്ള 1948ൽ രചിച്ച 'ആധാരമെഴുത്ത്". അന്നുതൊട്ടിന്നോളം എഴുത്തുകാരുടെ ചട്ടക്കൂടാണിത്.

ആധാരം എന്നാലെന്ത്, പ്രാമാണ്യതയും അർഹിക്കുന്ന സ്ഥാനവും, ആധാരമെഴുത്തുകാരന്റെ യോഗ്യത, ചുമതല, ഉത്തരവാദിത്വം തുടങ്ങിയ കാര്യങ്ങൾ അക്കമിട്ട് ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, പ്രമാണങ്ങളിൽ മുദ്രവില പതിക്കാനുള്ള സമയം, മുദ്രവില നിശ്ചയിക്കുന്ന രീതി, അസൽ കരണം തയ്യാറാക്കൽ തുടങ്ങി എല്ലാ കാര്യങ്ങളും ഗ്രന്ഥത്തിലുണ്ട്. ആധാരമെഴുത്തുകാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും വിശദമായുണ്ട്.

രജിസ്ട്രേഷൻ വകുപ്പിലെ അനുഭവസമ്പത്തിലാണ് മാധവൻപിള്ള പുസ്തകമെഴുതിയത്. ഭാര്യ കുമ്പളത്ത് തങ്കമ്മപ്പിള്ളയുടെ സ്വർണാഭരണങ്ങളായിരുന്നു ഗ്രന്ഥത്തിന്റെ മൂലധനം. കായംകുളം എസ്.ആർ.പി ഇലക്ട്രിക് പ്രസിൽ അച്ചടിച്ച 270 പേജുള്ള ഒന്നാം ഭാഗത്തിന് അന്നത്തെ വില മൂന്ന് രൂപ! പുറത്തിറക്കിയ 1000 കോപ്പിയും വേഗം വിറ്റു. പിന്നാലെ രണ്ടാം ഭാഗവുമിറങ്ങി. അക്കാലത്തെ ഗവൺമെന്റ് ലീഗൽ റിമംബറൻസർ എൻ. രാമകൃഷ്ണപിള്ളയാണ് ആദ്യ ഭാഗത്തിന് ആമുഖമെഴുതിയത്.

പുസ്തകം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗ്രന്ഥകാരന് കിട്ടിയ ലാഭം വട്ടപ്പൂജ്യം! കായംകുളം എം.എസ്.എം കോളേജിലെ ഇംഗ്ളീഷ് വിഭാഗം മുൻ പ്രൊഫസറും മാധവൻപിള്ളയുടെ മക്കളിൽ പത്താമനുമായ കോഴിശ്ശേരി രവീന്ദ്രനാഥിന്റെ ലൈബ്രറിയിൽ നിധിപോലെ ഇതിന്റെ കോപ്പി സൂക്ഷിക്കുന്നുണ്ട്. എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാവ് കെ.എം. മദനമോഹൻ, നാടകകാരനും ചലച്ചിത്ര ഗാനരചയിതാവും എം.എസ്.എം കോളേജ് മലയാളവിഭാഗം മുൻ മേധാവിയുമായിരുന്ന പ്രൊഫ. കോഴിശ്ശേരി ബാലരാമൻ എന്നിവരും മാധവൻപിള്ളയുടെ മക്കളാണ്.

 ആദ്യപ്രമാണം അഞ്ചരക്കണ്ടിയിൽ

രജിസ്ട്രേഷൻ വകുപ്പിന്റെ ചരിത്രത്തിലെ ആദ്യ രജിസ്ട്രേഷൻ ഓഫീസ് 1865ൽ കണ്ണൂരിലെ അഞ്ചരക്കണ്ടിയിലാണ് പ്രവർത്തനം തുടങ്ങിയത്. കളക്ടറായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധി ബ്രൗണിന്റെ 150 ഏക്കർ കറുവപ്പട്ട തോട്ടമാണ് ആദ്യമായി രജിസ്റ്റർ ചെയ്തത്.

'ആധാര നിയമങ്ങളിൽ പരിജ്ഞാനമില്ലാത്ത എഴുത്തുകാർ വരുത്തിവച്ച വിനകൾക്ക് പല തവണ സാക്ഷ്യം വഹിക്കേണ്ടി വന്നതിനാലാണ്, അവരെ സഹായിക്കാൻ ഇങ്ങനെയൊരു ഗ്രന്ഥം അച്ഛൻ രചിച്ചത്. ഈ വിഭാഗത്തിലെ ആദ്യ കൃതി എന്ന ക്രെഡിറ്റും ഇതിനുണ്ട്".

- പ്രൊഫ. കോഴിശ്ശേരി രവീന്ദ്രനാഥ്