യാത്രക്കാരുടെ എണ്ണംകുറച്ചത് റെയിൽവേയുടെ കുതന്ത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാല സർവീസ് നടത്തുന്ന മൂന്ന് ട്രെയിനുകളും നാളെമുതൽ നിറുത്തലാക്കുന്ന സ്ഥിതി വന്നത് റെയിൽവേയുടെ തലതിരിഞ്ഞ നടപടികൾ മൂലം. ഒരുമണിക്കൂർ മാത്രം യാത്രാദൂരമുള്ള കൊല്ലത്തേക്ക് പോകണമെങ്കിലും ഒരുമണിക്കൂർ മുമ്പ് റെയിൽവേ സ്റ്റേഷനിലെത്തി കാത്തിരിക്കണമെന്ന വ്യവസ്ഥയാണ് യാത്രക്കാരെ അകറ്റുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ആഭ്യന്തരയാത്രയ്ക്ക് ഇളവുകളുണ്ട്. അവിടെ യാത്രക്കാർ കൂടുതലുമാണ്. ഇത് കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളായ കർണാടകത്തിലും തമിഴ്നാട്ടിലും കൂടുതൽ ട്രെയിനുകളോടിക്കുകയും കേരളത്തിൽ ഒാടുന്ന ട്രെയിനുകൾ പിൻവലിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ജനശതാബ്ദി എക്‌സ്‌പ്രസുകളും വേണാടുമാണ് യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് നാളെ മുതൽ നിറുത്തലാക്കുന്നത്. എന്നാൽ ഇവ നിറുത്തലാക്കുന്നതു സംബന്ധിച്ച അറിയിപ്പുകളൊന്നും ഇന്നലെ വൈകിയും ലഭിച്ചിട്ടില്ലെന്ന് റെയിൽവേയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷൻ അധികൃതർ പറഞ്ഞു.
ഞായറാഴ്ച നീറ്റ് പരീക്ഷ നടക്കാനിരിക്കെ ശനിയാഴ്ച മുതൽ ജനശതാബ്ദി ഓടില്ലെന്ന വാർത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.1860 പേർക്ക് യാത്ര ചെയ്യാവുന്ന ജനശതാബ്ദി പുനരാരംഭിച്ച ശേഷം 450 - 500 പേരാണുണ്ടായിരുന്നത്. കണ്ണൂർ - തിരുവനന്തപുരം വണ്ടിയിൽ സമീപദിവസങ്ങളിലായി 600 - 650 വരെയായി. ലോക്ക് ഡൗൺ അഞ്ചാം ഇളവിൽ രാജ്യത്താകെ 80 ട്രെയിൻ സർവീസുകളാണ് പുനരാരംഭിക്കുന്നത്. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകളില്ല. സെപ്തംബർ 7 മുതൽ തമിഴ്നാട്ടിൽ കൂടുതൽ ട്രെയിൻ, ബസ് സർവീസുകൾ പുനരാരംഭിച്ചു.
കേരളത്തിൽ നിലവിലുള്ള ട്രെയിനുകളും സ്ഥിതിയും
12 മുതൽ നിറുത്തലാക്കാൻ തീരുമാനിച്ചവ
1.ജനശതാബ്ദി കോഴിക്കോട്
2.ജനശതാബ്ദി കണ്ണൂർ
3.വേണാട് ഷൊർണ്ണൂർ
സർവീസ് തുടരുന്നത്
1.തുരന്തോ ഡൽഹി
2.മംഗള ഡൽഹി നിസാമുദീൻ
കൊങ്കൺ മണ്ണിടിച്ചിൽ മൂലം നിറുത്തിയവ
1. രാജധാനി ഡൽഹി
2.കുർള മുംബയ്