പൊലീസ് കണ്ണുരുട്ടലിൽ പെരുവഴിയിലായി വഴിയോര കച്ചവടക്കാർ

Friday 11 September 2020 12:48 AM IST

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വന്നിട്ടും പൊലീസ് 'രാജി'ൽ ജീവിതം വഴിമുട്ടി ജില്ലയിലെ അംഗീകൃത വഴിയോര കച്ചവടക്കാർ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രവർത്താനുമതി നല്കിയെങ്കിലും പൊലീസ് വഴിയോര കച്ചവടക്കാർക്കുനേരെ കണ്ണുരുട്ടുകയാണ്. വർഷങ്ങളായി വഴിയോര കച്ചവടം കൊണ്ട് ഉപജീവനം നടത്തിയ നൂറുകണക്കിന് അംഗീകൃത തൊഴിലാളികളാണ് ഇതോടെ പട്ടിണിയുടെ വക്കിൽ കഴിയുന്നത്. സർക്കാർ നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ പൂ‌ർണമായും പാലിച്ച് കച്ചവടം നടത്താൻ തയ്യാറായിട്ടും പൊലീസ് ക്രൂരത കാണിക്കുകയാണെന്ന് സംയുക്ത കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി പ്രതിസന്ധിയിൽ കഴിയുന്ന വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്ട്രീറ്റ് വെൻഡിംഗ് കമ്മിറ്റി ഇതുവരെ വിളിച്ച് ചേർത്തിട്ടില്ലെന്ന പരാതിയുമുണ്ട്. കൊവിഡിന് മുമ്പ് സ്ട്രീറ്റ് വെൻഡിംഗ് കമ്മിറ്റി എടുത്ത തീരുമാനവും നടപ്പിലായിട്ടില്ല.

 ആവശ്യങ്ങൾ

കണ്ടെയ്ൻമെന്റ് സോൺ ഒഴികെ കോർപ്പറേഷൻ അനുവദിച്ച

തെരുവോരങ്ങളിൽ കച്ചവടം നടത്താൻ അനുവദിക്കുക

സ്ട്രീറ്റ് വെൻഡിംഗ് കമ്മിറ്റി വിളിച്ചേർക്കുക

"കൊവിഡിന്റെ മറവിൽ പൊലീസ് വഴിയോര കച്ചവടക്കാരുടെ അവകാശം നിഷേധിക്കുകയാണ്. ജീവിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. പൊലീസ് നടപടി തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് തൊഴിലാളികളെ അണിനിരത്തും'-.

യു.പോക്കർ

എസ്.ടി.യു ദേശീയ സെക്രട്ടറി