ചുവര് പിടിത്തം തകൃതി

Friday 11 September 2020 1:00 AM IST

ഉപതിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയതൊന്നും ചവറയിലെ യു.ഡി.എഫിനെ ബാധിക്കുന്നതേയില്ലെന്ന് തോന്നും അവരുടെ ഇടപെടൽ കണ്ടാൽ. നാട്ടിലെ ചുവരായ ചുവരൊക്കെ തങ്ങളുടേതാക്കി ബുക്ക് ചെയ്‌തു.

ഇനി വെള്ളയടിച്ച് ഷിബു ബേബിജോണിന്റെ പേരും ചിഹ്നവും പതിച്ചാൽ മതിയെന്ന നിലയിലാണ് കാര്യങ്ങൾ. ഷിബുവിന്റെ മുഖം മൂടി പതിച്ച് പ്രധാന കവലകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വോട്ട് തേടി നേരിട്ടിറങ്ങി. ആർ.എസ്.പിക്ക് ബ്രാഞ്ച് തലം വരെ മികച്ച സംഘടനാ സംവിധാനമുള്ള നാടാണ് ചവറ. ഇത്തവണ മണ്ഡലം തിരികെ പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ആർ.എസ്.പിയുടെ പാർട്ടി കുടുംബങ്ങളൊന്നാകെ.

ഓണമൊരുങ്ങാനുള്ള ഉത്രാടപ്പാച്ചിൽ പോലെ യു.ഡി.എഫ് ക്യാമ്പ് തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ അപ്പുറത്ത് എൽ.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകൾ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. സി.പി.എമ്മിന്റെ മണ്ഡലമല്ലേ, അവരെന്താന്ന് വെച്ചാൽ ചെയ്യട്ടെ എന്ന മട്ടാണ് സി.പി.ഐയ്ക്ക്. ഉപതിരഞ്ഞെടുപ്പ് നടക്കില്ലെന്ന ആത്മവിശ്വാസമാണ് ഇവരുടെയെല്ലാം ഈ നിശബ്ദതയ്ക്ക് കാരണം.

ആരായിരിക്കും സ്ഥാനാർത്ഥി എന്ന ചർച്ച പോലും അവരുടെ ക്യാമ്പുകളിൽ ഇല്ലെന്ന് വേണം പറയാൻ. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും എൽ.ഡി.എഫ് ക്യാമ്പിൽ സജീവമാണ്. ചവറയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ മുന്നേറ്റം നടത്താൻ അടിത്തട്ട് വരെ ഇളക്കി സജീവമായ സംഘടനാ പ്രവർത്തനം നടത്തുന്നുണ്ട്. ബി.ജെ.പിയും ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നുണ്ട്.