വല്ലപ്പുഴ മേൽപ്പാലം: സ്ഥലം ഏറ്റെടുക്കാൻ 23 കോടി

Saturday 12 September 2020 12:09 AM IST

ചെർപ്പുളശേരി: പട്ടാമ്പി- ചെർപ്പുളശേരി പാതയിൽ വലപ്പുഴ റെയിൽവേ ഗേറ്റിൽ മേൽപ്പാല നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് 23.2 കോടിയുടെ അനുമതി.

2018-19 സംസ്ഥാന ബഡ്ജറ്റിലാണ് മേൽപ്പാലം പ്രഖ്യാപിച്ചത്. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ജൂണിൽ 114 കോടിയാണ് പദ്ധതിക്കായി ആകെ വിലയിരുത്തിയത്. ഇപ്പോൾ സ്ഥലമേറ്റടുക്കൽ ഉൾപ്പെടെയുളള പ്രവൃത്തികൾക്കാണ് അനുമതിയായത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

ഗതാഗത കുരുക്കഴിക്കാൻ

ദിനംപ്രതി 16 ടെയിനുകൾ കടന്നുപോവുന്ന ഷൊർണൂർ- നിലമ്പൂർ പാതയിലെ റെയിൽവേ ഗേറ്റ് അടച്ചിടുന്നത് വൻ ഗതാഗത കുരുക്കിന് ഇടയാക്കുന്ന സാഹചര്യത്തിലാണ് മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യമുയർന്നത്.

ഷൊർണൂർ- കയിലിയാട്- വല്ലപ്പുഴ- മുളയങ്കാവ്- കട്ടുപ്പാറ വഴി പെരിന്തൽമണ്ണയിലേക്കും മറ്റുമുള്ള നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോവുന്നു.

മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവൃത്തി ആരംഭിച്ചതോടെ തുടർ നടപടി വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.