ഒന്നാം മാറാട് കേസ്: രണ്ട് പ്രതികൾക്ക് ജാമ്യം

Saturday 12 September 2020 12:00 AM IST

ന്യൂഡൽഹി: ഒന്നാം മാറാട് കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തെക്കേത്തൊടി ഷാജി, ഈച്ചരന്റ പുരയിൽ ശശി എന്നിവർക്ക് ഉപാധികളോടെ സുപ്രീം കോടതി ജാമ്യമനുവദിച്ചു. ഇരുവരും കേരളത്തിൽ പ്രവേശിക്കാൻ പാടില്ല, താമസം മംഗലാപുരത്തേക്ക് മാറ്റണം, എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കണം എന്നിവയാണ് പ്രധാന ഉപാധികൾ.

ഇരുവരും 10 വർഷത്തിലധികമായി തടവുശിക്ഷ അനുഭവിക്കുകയാണെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകരായ വി. ഗിരിയും, കെ.കെ. സുധീഷും അറിയിച്ചു. എന്നാൽ മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ നിരവധി വർഗീയ കലാപങ്ങളുണ്ടായിട്ടുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സർക്കാരിനായി ഹാജരായ സീനിയർ അഭിഭാഷകൻ കെ.എൻ. ബാലഗോപാലും സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശും അഭിഭാഷകൻ ജിഷ്ണുവും ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സ്‌കൂളുകളിൽ കയറി വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകരെപ്പോലും കൊലപ്പെടുത്തിയ സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ടെന്ന് പരമാർശിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

ഒന്നാം മാറാട് കലാപത്തിൽ തെക്കേപ്പുറത്ത് അബൂബക്കർ കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് ജാമ്യം ലഭിച്ച ഷാജിയും ശശിയും.