ജി.എസ്.ടി നഷ്ടപരിഹാരം: പുതു തന്ത്രവുമായി കേന്ദ്രം

Saturday 12 September 2020 3:52 AM IST

തിരുവനന്തപുരം: ജി.എസ്.ടി നഷ്‌ടപരിഹാരം നൽകുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായുള്ള തർക്കം തീർക്കാൻ പുതിയ തന്ത്രവുമായി കേന്ദ്രം. രണ്ടു ആശയങ്ങൾ കേന്ദ്രം മുന്നോട്ടുവച്ചിരുന്നു.

ഒന്ന്, ജി.എസ്.ടി സമാഹരണത്തിലെ കുറവായ 97,000 കോടി രൂപ കേന്ദ്രം വായ്‌പയെടുത്ത് സംസ്ഥാനങ്ങൾക്ക് നൽകും. റിസർവ് ബാങ്കിന്റെ സ്‌പെഷ്യൽ വിൻഡോ വഴിയാണ് കടമെടുക്കുക. പലിശയും മുതലും പിന്നീട് സെസിൽ നിന്ന് വീട്ടും.

രണ്ട്, കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിലെ കുറവായ 2.35 ലക്ഷം കോടി രൂപയ്ക്ക് തുല്യതുക സംസ്ഥാനങ്ങൾ വായ്‌പയെടുക്കണം. മുതൽ സെസിൽ നിന്ന് വീട്ടും; പലിശ സംസ്ഥാനങ്ങൾ വഹിക്കണം. ഇതുരണ്ടുമല്ലാതെ മറ്റൊരു മാ‌ർഗം കൂടി കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

പൊതുമേഖലാ ബാങ്ക് സ്വകാര്യവത്കരണത്തിനുള്ള ബില്ല് രാജ്യസഭയിൽ പാസാകാൻ പിന്തുണച്ചാൽ മുഴുവൻ തുകയും വായ്‌പ അനുവദിക്കാമെന്നതാണത്. ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, യൂക്കോ ബാങ്ക് തുടങ്ങി ഏതാനും ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി കേന്ദ്രത്തിനുണ്ട്.