താരമാകാൻ പരി​ശീലനം ഉഷാറാക്കി​ കുവി

Saturday 12 September 2020 12:00 AM IST

ഇടുക്കി: പെട്ടിമുടിയിലെ താരമായ 'കുവി" എന്ന നായയെ പൊലീസിലെടുത്തു. രാജകീയ സൗകര്യങ്ങളോടെ ഡോഗ് സ്ക്വാഡിലംഗമാകാനുള്ള തീവ്ര പരിശീലനത്തിലാണ് അവൾ. പെട്ടിമുടി ദുരന്തത്തിൽ മരിച്ച രണ്ട് വയസുകാരി ധനുഷ്‌കയെ കണ്ടെത്തിയതു മുതലാണ് വളർത്തുനായ ആയ കുവി താരമായത്. ഉറ്റവരെ നഷ്ടമായതിനെ തുടർന്ന് ലയത്തിന് പിന്നിൽ ഭക്ഷണം കഴിക്കാതെ അവശ നിലയിലായിരുന്ന കുവിയെ ഇടുക്കി കെ 9 ഡോഗ് സ്‌ക്വാഡിലെ പരിശീലകനായ അജിത് മാധവൻ ഏറ്റെടുക്കുകയായിരുന്നു. കുവിയെ സംരക്ഷിക്കാൻ സർക്കാരിന്റെ അനുമതിയും നൽകി.

നല്ല ഭക്ഷണവും മരുന്നും ലഭിച്ചതോടെ ഒരു മാസത്തിനകം അവൾ മിടുക്കിയായി. വിലയേറിയ ഡോഗ്ഫുഡായ റോയൽ കാനിൻ പാലിലാണ് നൽകുന്നത്. മുട്ടയും വിറ്റാമിൻ സപ്ലിമെന്റ്സ് വേറെയും. ജെനിയും ലൈക്കയുമടക്കം ലാബ്ര‌ഡോർ ഇനത്തിൽപ്പെട്ട അഞ്ച് നായ്ക്കളാണ് നിലവിൽ ഇടുക്കി ഡോഗ് സ്ക്വാഡിലുള്ളത്. ഇവരെയൊന്നും കുവി ആദ്യം അടുപ്പിച്ചില്ല. ഇപ്പോൾ ജെനിയും ലൈക്കയുമായി നല്ല കൂട്ടാണ്.

അജിത് കുവിയെ പരിശീലനത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിക്കുകയാണിപ്പോൾ. ഇടതുവശം ചേർന്ന് ഒരേ വേഗത്തിൽ നടക്കുന്ന ഹീൽ വാക്കിംഗ് പരിശീലനമാണ് ഇപ്പോഴുള്ളത്. ഇതിന് ശേഷം നിൽക്കാനും ഇരിക്കാനും സല്യൂട്ട് ചെയ്യാനുമൊക്കെയുള്ള ഒബിഡിയൻസ് പരിശീലിപ്പിക്കും. തുടർന്ന് ഏതെങ്കിലും ഒരു ട്രേഡ് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കും. മോഷണമോ കൊലപാതകമോ നടന്നാൽ കുവിയെ പൊലീസിന് സഹായമായി ഉപയോഗിക്കുന്ന ട്രാക്കിംഗ് ഡോഗ് സ്ക്വാഡാണ് അജിത് ആഗ്രഹിക്കുന്നത്. എന്നാൽ നാടൻ നായ്ക്കളെ ഡോഗ് സ്ക്വാഡിൽ എടുക്കാറില്ലെന്ന സാങ്കേതിക പ്രശ്നമുണ്ട്. വിദേശ ഇനങ്ങളുമായി മത്സരിച്ച് കുവി സ്വന്തം കഴിവ് തെളിയിച്ചാൽ അനുമതി നേടിയെടുക്കുമെന്നാണ് പ്രതീക്ഷ.

 കുവി നാടനല്ല

കുവി ദോലെ എന്ന് പൊതുവെ വിളിക്കുന്ന കാട്ടുനായയാണിത്. വിസിലിംഗ് ഡോഗെന്നും പറയും. ഏഷ്യൻ ഉപഭൂഗണ്ഡത്തിലാണ് ഇവയെ കാണുന്നത്. കുരയ്ക്കുന്നതിനൊപ്പം ഇവ കുറുക്കനെ പോലെ ഇടയ്ക്ക് ഓരിയിടും. കൂട്ടം ചേർന്ന് നടക്കുന്ന ഇവയെ സിംഹം ഉൾപ്പെടെയുള്ള വന്യജീവികൾക്ക് പോലും ഭയമാണത്രേ. പ്രകോപനവുമില്ലാതെ ഇവ ആരെയും ആക്രമിക്കും.

'വീട്ടിൽ സ്വന്തമായി ഏഴ് നായ്ക്കളുണ്ട്. രണ്ട് നാടൻ നായ്ക്കളുമുണ്ട്. കുവിയെ പരിശീലിപ്പിച്ചെടുക്കുക അല്പം ബുദ്ധിമുട്ടാണെന്നാണ് ഇതുവരെയുള്ള അനുഭവം. പ്രായമാണ് ഒരു പ്രശ്നം. മൂന്നോ നാലോ മാസം മുതൽ നായ്ക്കളെ പരിശീലിപ്പിച്ച് തുടങ്ങണം. കുവിക്ക് ഒരു വയസിലേറെ പ്രായമുണ്ട്".

- അജിത് മാധവൻ, പരിശീലകൻ