കേരള ബിരുദ പ്രവേശനം, ആദ്യ അലോട്ട്മെന്റായി
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് സർവകലാശാല ഫീസ് 17-ന് വൈകിട്ട് 5നകം ഓൺലൈനായി അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഓൺലൈനായി ഫീസടച്ച ശേഷം ലഭ്യമാകുന്ന വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. അവരെ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ചവർ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതിനായി ഫീസടയ്ക്കണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകൾ ലഭിച്ചവർ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം കോളേജുകളിൽ ഹാജരായാൽ മതി. അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ 17ന് വൈകിട്ട് 5 വരെ നീക്കം ചെയ്യാം. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്നവരെ അടുത്ത അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കും. ഇവർ അടുത്ത അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതാണെന്ന് സർവകലാശാല അറിയിച്ചു.