സർക്കാർ ഇടപെട്ടു, വേണാടും ജനശതാബ്ദിയും ഓടും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ജനശതാബ്ദി, വേണാട് എക്‌സ്‌പ്രസുകൾ തുടർന്നും സ്‌പെഷ്യലായി സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു. കണ്ണൂർ - തിരുവനന്തപുരം, കോഴിക്കോട് - തിരുവനന്തപുരം, ജനശതാബ്ദി, തിരുവനന്തപുരം - എറണാകുളം വേണാട് എക്സ്‌പ്രസും ലോക്ക്ഡൗൺ ഇളവിന് ശേഷം പ്രഖ്യാപിച്ച ടൈംടേബിളിൽ ഓടുമെന്ന് റെയിൽവേ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതു സംബന്ധിച്ച നിർദ്ദേശം തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് ലഭിച്ചത്.
യാത്രക്കാർ കുറവായതിനാൽ മൂന്നു ട്രെയിനുകളും 12 മുതൽ സർവീസ് നടത്തേണ്ടതില്ലെന്നായിരുന്നു റെയിൽവേ ബോർഡ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ സർവീസ് നിറുത്തില്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ സൂചിപ്പിച്ചിരുന്നു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ ട്രെയിൻ സർവീസുകൾ നിറുത്തരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇന്നലെ അദ്ദേഹം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനോട് ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. മറ്റ് ജനപ്രതിനിധികളും ട്രെയിൻ നിറുത്തലാക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
ഇന്നലെ വൈകിട്ടോടെ ജനശതാബ്ദി ട്രെയിനുകൾ നിറുത്തലാക്കേണ്ട എന്ന തീരുമാനമെടുത്ത് ദക്ഷിണ റെയിൽവേ വാർത്താകുറിപ്പിറക്കി. രാത്രിയിൽ വേണാടും സർവീസ് തുടരാനുള്ള തീരുമാനം വന്നു. ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസ് വേണാടും സർവീസ് നിറുത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊങ്കൺ പാതയിലെ തടസങ്ങളെ തുടർന്ന് നിറുത്തിയ നേത്രാവതി, രാജധാനി എക്സ്‌പ്രസുകൾ 15 മുതൽ ഓടിതുടങ്ങുമെന്നും റെയിൽവേ അറിയിച്ചു.