നീറ്റ് പരീക്ഷ നാളെ: ഇക്കാര്യങ്ങൾ മറക്കരുത്

Saturday 12 September 2020 12:00 AM IST

തിരുവനന്തപുരം: നാളെ ഉച്ചയ്ക്ക് 2 മുതൽ അഞ്ച് വരെയാണ് നീറ്റ് പരീക്ഷ. രാജ്യത്ത് 15.77 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്രർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 2500 ഓളം വിദ്യാർത്ഥികളുടെ കുറവ് ഇത്തവണ സംസ്ഥാനത്തുണ്ട്.

കൊവിഡ് സാഹചര്യത്തിൽ 12 കുട്ടികളാണ് ഒരു ഹാളിലുണ്ടാവുക. കഴിഞ്ഞ വർഷം ഇത് 24 ആയിരുന്നു. താപനില പരിശോധനയും സാനിറ്റൈസേഷനും കഴിഞ്ഞ ശേഷം വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കും. കൊവിഡ് ലക്ഷണങ്ങളുള്ളവർക്കായി പ്രത്യേകം പരീക്ഷാഹാളും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്കായി അവസാനഘട്ട തയ്യാറെടുപ്പ് നടത്തുന്നവർക്കുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ.ടി.പി. സേതുമാധവൻ.

 വിദ്യാർത്ഥികൾ ശ്രദ്ധിക്കാൻ

- രാവിലെ 11ന് തന്നെ പരീക്ഷാ കേന്ദ്രങ്ങളിലെത്തണം.

- ലളിതമായ വസ്ത്രധാരണമാണ് അനുവദിച്ചിട്ടുള്ളത്. ആൺകുട്ടികൾ ഇളം നിറത്തിലുള്ള ഷർട്ടും പാന്റ്സും ധരിക്കണം. ഫുൾ സ്ലീവ് വസ്ത്രങ്ങൾ,​ ജീൻസ്,​ ലെഗിൻസ് എന്നിവ പാടില്ല. മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാം.

- ഹാൾ ടിക്കറ്റും ഫോട്ടോ പതിച്ച ഐ.ഡി കാർഡും കൊവിഡ് നെഗറ്റീവാണെന്ന സ്വയം സാക്ഷ്യപത്രവും കരുതണം.സുതാര്യമായ വെള്ളക്കുപ്പി, 50 മി.ലി സാനിട്ടൈസർ ബോട്ടിൽ എന്നിവ ഹാളിൽ അനുവദി​ക്കും.

- ഇലക്ട്രോണിക് ഉപകരണങ്ങൾ, വലിയ ഡയലുള്ള വാച്ച്, കാൽക്കുലേറ്റർ എന്നിവ അനുവദിക്കില്ല.

- വള്ളിച്ചെരുപ്പുകൾ ഉപയോഗിക്കണം.

- മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

- ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വേണം വീട്ടിൽ നിന്നിറങ്ങാൻ.

- പരീക്ഷയുടെ തലേന്ന് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക.

- പരീക്ഷയ്ക്കിടയിൽ ടോയ്ലറ്റിൽ പോകാൻ അനുവദിക്കില്ല.

- മാതാപിതാക്കൾ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുക. സമ്മർദ്ദത്തിലാക്കരുത്.

- പരീക്ഷയ്ക്ക് മുൻപും ശേഷവും കൂട്ടം കൂടി നിൽക്കരുത്.

- അടുത്തുള്ള സെന്ററാണെങ്കിൽ തനിച്ച് വരിക. രക്ഷിതാക്കളുടെ തിരക്ക് ഒഴിവാക്കുക.

 പരീക്ഷാ ഹാളിൽ..

- ഒബ്ജക്ടീവ് മാതൃകയിൽ 180 ചോദ്യങ്ങളാണ് ആകെയുള്ളത്. ഓരോന്നിനും 4 മാർക്ക് വീതം ആകെ 720 മാർക്ക്.

- 45 വീതം ചോദ്യങ്ങൾ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കും 90 ചോദ്യങ്ങൾ ബയോളജിയിൽ നിന്നുമാണ് വരുന്നത്. ബയോളജിയിലെ മാർക്കാണ് വിജയം നിർണയിക്കുന്നതെന്ന് സാരം.

- സമയം മാനേജ് ചെയ്യാൻ ബയോളജിയിലെ ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതാം.

- നെഗറ്റീവ് മാർക്കുള്ളതിനാൽ അറിയാത്ത ചോദ്യത്തിന് ഉത്തരം നൽകരുത്.