താൽക്കാലിക വനജീവനക്കാർക്കും ഇൻഷ്വറൻസ്:മന്ത്രി കെ. രാജു

Saturday 12 September 2020 12:00 AM IST

തിരുവനന്തപുരം: വനസംരക്ഷണ പ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെടുന്ന താത്ക്കാലിക ജീവനക്കാർക്കും ഇൻഷ്വറൻസ് ഏർപ്പെടുത്തുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളോട് വനരക്തസാക്ഷി ദിനം പ്രമാണിച്ച് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം ജീവനക്കാർക്ക് രണ്ട് ലക്ഷത്തിന്റെ ഇൻഷ്വറൻസ് പരിരക്ഷ നിലവിലുണ്ട്. താത്ക്കാലിക ജീവനക്കാരും ദുരന്തങ്ങൾക്ക് ഇരയാവുന്ന പശ്ചാത്തലത്തിലാണ് ആനുകൂല്യം അവർക്കും നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വന രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അനുസ്മരണച്ചടങ്ങ്. മുഖ്യ വനംമേധാവി പി.കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, അഡി.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഇ.പ്രദീപ്കുമാർ, രാജേഷ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.വനസേനയുടെ പരേഡും സംഘടിപ്പിച്ചിരുന്നു.