ഓണക്കിറ്റ് 15 വരെ വാങ്ങാം
Saturday 12 September 2020 12:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്തംബറിലെ റേഷൻ വിതരണം ആരംഭിച്ചു. ഓണക്കാലത്ത് അനുവദിച്ച പലവ്യജ്ഞന കിറ്റ് 15 വരെ വാങ്ങാം. വെള്ള, നീല കാർഡുകാർക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കില്ല.
കേന്ദ്ര സർക്കാർ ഈ വർഷം ജൂലായ് ഒന്നു മുതലുള്ള രണ്ടാംപാദത്തിലേക്ക് അനുവദിച്ചത് 9264 കിലോ ലിറ്റർ മണ്ണെണ്ണയാണ്. ഇതിൽ 4344 കിലോ ലിറ്റർ ജൂലായിലും 3444 കിലോ ലിറ്റർ ആഗസ്റ്റിലും വിതരണം ചെയ്തു. ബാക്കിയുള്ള 1476 കിലോ ലീറ്റർ മുഴുവൻ കാർഡുടമകൾക്കുമായി നൽകാൻ തികയില്ല. അതിനാൽ മുൻഗണനേതര വിഭാഗങ്ങളെ പൂർണമായി ഒഴിവാക്കി.
മുൻഗണനാ വിഭാഗങ്ങളിലെ വൈദ്യുതിയുള്ള വീടുകൾക്ക് അര ലിറ്ററും വൈദ്യുതിബന്ധമില്ലാത്ത വീടുകളിൽ നാലു ലിറ്ററുമാണു നൽകുക. കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യറേഷൻ വിതരണം 21 മുതൽ ആരംഭിക്കും. മഞ്ഞ്, പിങ്ക് കാർഡിലെ ആളൊന്നിന് അഞ്ച് കിലോ അരിയും, കാർഡ് ഒന്നിന് ഒരു കിലോ കടലയും ലഭിക്കും.