പാർട്ടി നേതാക്കളുടെ മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ് : സി.പി.എം ബ്രാഞ്ചംഗമായ ആശാവർക്കർ തൂങ്ങിമരിച്ചു
തിരുവനന്തപുരം/പാറശാല : പാർട്ടി നേതാക്കളുടെ മാനസിക പീഡനത്തിൽ മനംനൊന്ത് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം പാർട്ടി കെട്ടിടത്തിൽ തൂങ്ങിമരിച്ചു. 15വർഷമായി പാർട്ടി അംഗവും ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ആശാവർക്കറുമായ അഴകിക്കോണം ആശാഭവനിൽ പി.ശ്രീകുമാറിൻറെ ഭാര്യ ആശയെയാണ് (39) ഉദയൻകുളങ്ങരയ്ക്ക് സമീപം അഴകിക്കോണത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാർട്ടി ചെങ്കൽ ലോക്കൽ കമ്മിറ്റിയംഗം കൊറ്റാമം രാജൻ, അഴീക്കോണം ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയി എന്നിവർ മാനസിമായി പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്നാരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിൽ നിന്ന് പൊലീസ് കണ്ടെത്തി.അഴീക്കോണം ബ്രാഞ്ച് കമ്മിറ്റിയംഗഗമാണ് ആശ.വരുന്ന തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും, മത്സരിക്കാതെ മാറി നിൽക്കാൻ വ്യാഴാഴ്ച വൈകിട്ട് പാറശാലയിൽ നടന്ന യോഗത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിക്കാൻ ആശ തയ്യാറായിരുന്നില്ലെന്നാണ് വിവരം. യോഗത്തിന് ശേഷം ആശ വീട്ടിൽ മടങ്ങിയെത്തിയില്ല. വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് രാത്രി 8.30 മണിയോടെ വീടിന് നൂറ് മീറ്റർ അകലെയുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുറിപ്പുമായി സി.ഐ പോയി, തിരികെ വിളിപ്പിച്ച് വായിപ്പിച്ചു
ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പാറശാല സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം മാറ്റാൻ തിടുക്കം കാട്ടിയെങ്കിലും പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കമറിഞ്ഞാൽ മാത്രമേ പോസ്റ്റുമോർട്ടത്തിന് മൃതദേഹം വിട്ടു നൽകൂവെന്ന് നാട്ടുകാരും ബന്ധുക്കളും നിലപാടെടുത്തു. കുറിപ്പുമായി സി.ഐ സ്ഥലത്തു നിന്ന് മടങ്ങിയിരുന്നു. നാട്ടുകാരും ബന്ധുക്കളും പൊലീസ് വാഹനം തടഞ്ഞതിനെ തുടർന്ന്, ആർ.ഡി.ഒയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര തഹസിൽദാർ അജയകുമാർ,ഡിവൈ.എസ്.പി എസ്.അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി. അവരുടെ ആവശ്യപ്രകാരം പാറശാല സി.ഐ കുറിപ്പുമായി എത്തി. കുറിപ്പ് ആശയുടെ സഹോദരൻ സുരേഷ് ഉറക്കെ വായിച്ചു. തുടർന്ന്, നാട്ടുകാർ പിന്തിരിഞ്ഞതോടെ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആശയുടെ ഭർത്താവ് ശ്രീകുമാർ ലോട്ടറി വിൽപനക്കാരനാണ്. .ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ശ്രീകാന്ത്, പ്ലസ് ടു വിദ്യാർത്ഥി അരുൺകൃഷ്ണ എന്നിവർ മക്കൾ.
പ്രേരണാക്കുറ്റത്തിൽ പൊലീസിന് അവ്യക്തത
ആശയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ കുറിപ്പിന്റെ അടിസ്ഥാനത്തിൽ പാർട്ടി പ്രാദേശിക നേതാക്കൾക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുന്നതിൽ പൊലീസിൽ അവ്യക്ത. കുറിപ്പ് കൈയ്യെഴുത്ത് വിദഗ്ധരുടെ പരിശോധനയ്ക്ക് അയച്ചെന്നും, ഫലം ലഭിച്ച ശേഷമേ തുടർനടപടി സ്വീകരിക്കൂവെന്നുമാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പാറശാല സി.ഐ റോബർട്ട് ജോണിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിനാണ് മേൽനോട്ട ചുമതല.