അന്താരാഷ്ട്ര നിലവാരത്തിൽ കാട്ടിക്കുളം ഗവ: സ്‌കൂൾ

Saturday 12 September 2020 12:42 AM IST
കാ​ട്ടി​ക്കു​ളം​ ​ഗ​വ​:​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ കെട്ടി​ടം

കാട്ടിക്കുളം: അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ വലിയ മുന്നേറ്റവുമായി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം ഗവ: ഹയർസെക്കൻഡറി സ്‌കൂൾ. ഹയർസെക്കണ്ടറി വിഭാഗത്തിന് മാത്രമായി രണ്ട് കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് ഒരുങ്ങുന്നത്. പ്രവൃത്തി ഈ മാസം പൂർത്തിയാകും.

കിഫ്ബി ധനസഹായത്തോടെ 3 കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങൾക്കും അടുത്ത ആഴ്ച തുടക്കമാവും. കൈറ്റ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം 3 കോടി 64 ലക്ഷം രൂപയാണ് വേണ്ടിവരിക. 3 കോടി രൂപ കിഫ്ബി അനുവദിക്കുകയും ബാക്കി 64 ലക്ഷം രൂപ ഒ.ആർ.കേളു എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുകയും ചെയ്തു.

ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം സ്വന്തമായി വാങ്ങാനും ഈ സ്‌കൂളിന് സാധിച്ചു.

1735 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതിൽ 365 പേർ ഹയർസെക്കൻഡറി വിഭാഗത്തിലാണ്. ഏറ്റവും കൂടുതൽ പട്ടിക വർഗക്കാരുള്ള ജില്ലയിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നേറ്റം ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാവും. മാനന്തവാടി എം.എൽ.എ ഒ.ആർ.കേളു പഠിച്ച വിദ്യാലയം കൂടിയായ കാട്ടിക്കുളം സ്‌കൂൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും.