ഇനി സർവീസ് അൺലിമിറ്റഡ്

Sunday 13 September 2020 12:50 AM IST

നി​ലമ്പൂർ: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സിയെ കരകയറ്റാനുള്ള സർക്കാരിന്റെ പുതിയ തീരുമാന പ്രകാരമുള്ള അൺലിമിറ്റഡ് ഓർഡിനറി സർവീസുകൾ ഈ മാസം 15 മുതൽ ജില്ലയിൽ നിന്ന് ആരംഭിക്കും. വഴിക്കടവ് മുതൽ മഞ്ചേരി വരെ 18 സർവീസുകളാണ് നടത്തുക. നിലമ്പൂർ ഡിപ്പോയിലെ മൂന്ന് ബസുകളാണ് 18 സർവീസുകൾ നടത്തുക. യാത്രകാർ കൈകാണിക്കുന്ന എവിടെയും ബസുകൾ നിർത്തും. വഴിക്കടവ് മുതൽ മഞ്ചേരി വരെയാണ് അൺ ലിമിറ്റഡ് ഓർഡിനറി ബസുകൾ സർവീസ് നടത്തുകയെന്ന് നിലമ്പൂർ ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ വി.എസ്.സുരേഷ് പറഞ്ഞു. കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് കണക്ഷൻ കിട്ടുന്ന രീതിയിലാണ് അൺ ലിമിറ്റഡ് ഓർഡിനറി ബസുകളുടെ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. വഴിക്കടവിൽ നിന്നും മഞ്ചേരിയിൽ നിന്നും കണക്ഷൻ ബസുകളുടെ സമയ വിവരങ്ങൾ ബസിലെ ജീവനകാർ യാത്രക്കാർക്ക് കൈമാറും. സ്റ്റോപ്പിൽ മാത്രമല്ല ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തുകയും ചെയ്യും. യാത്രക്കാർ കൂടുതലുള്ള പുതിയ റൂട്ടുകൾ കണ്ടെത്തി സർവീസ് ആരംഭിക്കാനായിരുന്നു സർക്കുലറിലെ നിർദ്ദേശം. യാത്രക്കാരിൽ നിന്നുള്ള അഭിപ്രായം ശേഖരിച്ച ശേഷമാണ് 15 മുതലുള്ള സർവീസ് സമയം തീരുമാനിച്ചത്. യൂണിറ്റ് ഓഫീസർമാർ ഇൻസ്‌പെക്ടർമാരുമായും യാത്രക്കാരുമായും കൂടിയാലോചിച്ച്​ അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.