ആറ്റിങ്ങൽ കഞ്ചാവ് കേസ്: മുഖ്യപ്രതി പിടിയിൽ

Sunday 13 September 2020 12:05 AM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരുപത് കോടി രൂപയുടെ കഞ്ചാവ് പിടിച്ച കേസിലെ പ്രധാനപ്രതികളിലൊരാളായ ചിറയിൻകീഴ് മുട്ടപ്പാലം അഭയവില്ലയിൽ ജയചന്ദ്രൻ നായരെ (ജയൻ,55) വീട്ടിൽ നിന്ന് ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. ഇടനിലക്കാരനായ മൈസൂരിലെ റിസോർട്ട് ഉടമയും കോഴിക്കോട് സ്വദേശിയുമായ ബാബുക്കയും പിടിയിലായിട്ടുണ്ട്. ഇയാളെ ബാംഗ്ലൂരിലെത്തി ചോദ്യം ചെയ്യും. ജയചന്ദ്രന്റെ മുടപുരത്തെ മത്സ്യ ഗോഡൗണിൽ സൂക്ഷിക്കാൻ കൊണ്ടുവന്ന 500 കിലോ കഞ്ചാവാണ് ദിവസങ്ങൾക്ക് മുമ്പ് പിടിച്ചത്. കള്ളനോട്ട് കേസുകളിൽ പ്രതിയായിരുന്ന ജയചന്ദ്രൻ ഗൾഫിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്നു. ചീറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടാക്രമിച്ച കേസിലും പ്രതിയാണ്. മൂന്നു വർഷം മുമ്പ് നാട്ടിലെത്തി തടിക്കച്ചവടത്തിലേക്കും മത്സ്യവ്യാപാരത്തിലേക്കും തിരിയുകയായിരുന്നു. മത്സ്യവ്യാപാരം മറയാക്കി മയക്കുമരുന്നും മദ്യവും കടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. കഞ്ചാവ്കടത്തിലെ വമ്പനായ ആന്ധ്ര സ്വദേശി രാജുഭായിമായി ഫോണിൽ നേരട്ട് ബന്ധപ്പെട്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. വടകര സ്വദേശിയായ ജിതിൻരാജ് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ജയചന്ദ്രന്റെ ഗോഡൗണിൽ സൂക്ഷിച്ചശേഷം വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നു പദ്ധതി. ജിതിൻരാജുമായി തടിക്കച്ചവടത്തിൽ തുടങ്ങിയ പരിചയം മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരികയായിരുന്നു. ഹിന്ദി നന്നായി സംസാരിക്കുന്ന ജയചന്ദ്രനാണ് ജിതിൻരാജിന്റെ ബുദ്ധി കേന്ദ്രം. ഇയാളാണ് ഡ്രൈവർമാരുമായി ആശയ വിനിമയം നടത്തുന്നത്. ഡ്രൈവർമാർക്ക് പുതിയ സിം നൽകിയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. രാജുഭായിയെയും കണ്ടെയ്‌നർ ഉടമയെയും കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും.ജിതിൻ രാജിനായുള്ള തെരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്.

എക്‌സൈസ് കമ്മിഷണർ ആനന്ദകൃഷ്ണന്റെ നിർദ്ദേശത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡിലെ സി.ഐ അനികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.ഐ. ജി.കൃഷ്ണകുമാർ,എസ്.ഐമാരായ എസ്.മധുസൂദനൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്‌ത ശേഷം തെളിവെടുപ്പ് നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ.ഗോപകുമാർ അറിയിച്ചു.