സന്നദ്ധ സംഘടനകളുടെ ജാതകം നോക്കിയല്ല പാവങ്ങൾക്ക് വീടിന് അനുമതി നൽകിയത്: മന്ത്രി
Sunday 13 September 2020 12:14 AM IST
കയ്പമംഗലം: സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ തയ്യാറാവുന്ന സന്നദ്ധ സംഘടനകളുടെ ജാതകം നോക്കിയിട്ടല്ല പാവപ്പെട്ട ജനങ്ങൾക്ക് വീട് നിർമ്മിക്കാൻ അനുമതി നൽകിയതെന്നും മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് പെരിഞ്ഞനം പഞ്ചായത്ത് നൽകിയ ഭൂമിയിൽ റോട്ടറി ക്ലബ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
രണ്ട് പ്രളയങ്ങളുടെയും കൊവിഡ് മഹാമാരിയുടെയും മറ്റും നിരവധി പ്രതിസന്ധികൾ നേരിടുമ്പോഴും സർക്കാർ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുത്തിട്ടുണ്ട്.
പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കനോലി കനാലിനോട് ചേർന്ന് 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് റോട്ടറി ക്ലബ്ബിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവഴിച്ച് ഭവനസമുച്ചയം നിർമ്മിച്ചത്.