ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌ എക്സാമിനേഷനിൽ അഴിമതിയെന്ന്‌ വിദ്യാർത്ഥികൾ

Sunday 13 September 2020 12:00 AM IST

തിരുവനന്തപുരം: വിദേശങ്ങളിൽ നിന്ന്‌ എം.ബി.ബി.എസ്‌ പൂർത്തിയാക്കുന്നവരോട്‌ മെഡിക്കൽ കൗൺസിൽ ഒഫ്‌ ഇന്ത്യ വിവേചനം കാണിക്കുന്നുവെന്ന്‌ വിദ്യാർത്ഥികളുടെ പരാതി. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌ എന്നീ രാജ്യങ്ങൾ ഒഴികെയുള്ളിടങ്ങളിൽ നിന്ന്‌ പഠനം പൂർത്തിയാക്കി എത്തുന്നവർ എം.സി.ഐ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്‌ എക്സാമിനേഷൻ (എഫ്.എം.ജി.ഇ) പാസാകണം. എന്നാൽ വെറുമൊരു സ്‌ക്രീനിംഗ് ടെസ്റ്റായ എഫ്.എം.ജി ഇയിൽ നീറ്റ്‌ പി.ജി പരീക്ഷയ്ക്ക്‌ സമാനമായ കടുത്ത ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നാണ് ആരോപണം. ഇതിൽ 30 ശതമാനം കട്ട്‌ ഓഫ്‌ മാർക്ക്‌ നൽകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ഒരു തരത്തിലും പരീക്ഷ പാസാകാൻ അനുവദിക്കാത്ത രീതിയാണ്‌ മെഡിക്കൽ കൗൺസിലിന്റേതെന്ന്‌ ഓൾ ഇന്ത്യ എഫ്.എം.ജി പ്രതിനിധി ഡോ. അജിം ഷാ പറഞ്ഞു. പരീക്ഷയ്ക്കുശേഷം ഉത്തര സൂചന പോലും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിൽ മൗനജാഥ നടത്തി. ഡോക്ടർമാരായ വിഷ്‌ണുനാഥ്‌, ഷിൽബി, അഞ്ജു തുടങ്ങിയവരും ജാഥയിൽ പങ്കെടുത്തു.