എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ അനുമതി
ചേർത്തല: എസ്.എൻ.ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ സംസ്ഥാന ദുരന്ത നിവാരണ സമിതി അനുമതി നൽകി. ഈ മാസം 18, 26, ഒക്ടോബർ 7, 8 തീയതികളിൽ കൊല്ലത്തും ചേർത്തലയിലുമായാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളിയിരുന്നു. ഇതേത്തുടർന്നാണ് ചീഫ് റിട്ടേണിംഗ് ഓഫീസർ അഡ്വ.ബി.ജി. ഹരീന്ദ്രനാഥ് സർക്കാരിന് അപേക്ഷ നൽകിയത്.
ശാരീരിക അകലം,മുഖാവരണം തുടങ്ങിയ മുൻകരുതലുകളും നിബന്ധനകളും പാലിച്ച് നടത്തണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
കൊല്ലത്ത് രണ്ട് എസ്.എൻ. കോളേജുകളിലും സെൻട്രൽ സ്‌കൂളിലും,ചേർത്തലയിൽ എസ്.എൻ. കോളേജിലും,ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും,എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലും ആയിരിക്കും വോട്ടെടുപ്പ്. ആകെ 24730 വോട്ടർമാരുണ്ട്.
5000 മുതൽ ഒരുലക്ഷത്തിൽ താഴെ വരെ സംഭാവന നൽകിയവരിൽ നിന്നുള്ള പത്തിലൊന്ന് പേരുടെ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് 26ന് ചേർത്തല എസ്.എൻ.കോളേജിൽ നടക്കും. ഒക്ടോബർ 7ന് ട്രസ്റ്റ് സ്‌കീം 3 (ഐ) അനുസരിച്ച് അതുവരെയുള്ള ട്രസ്റ്റ് ബോർഡംഗങ്ങളുടെ യോഗം 3 വിദഗ്ദ്ധ അംഗങ്ങളെ തിരഞ്ഞെടുക്കും.ഒക്ടോബർ 8ന് ചേർത്തല എസ്.എൻ കോളേജിൽ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടക്കും.