സേനാ പിന്മാറ്റം: തന്ത്രങ്ങൾ മെനയാൻ അജിത് ഡോവൽ, കമാൻഡർമാരുടെ ചർച്ച അടുത്തയാഴ്ച

Sunday 13 September 2020 1:22 AM IST

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ സേനാപിന്മാറ്റം സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ചൈനാ സ്‌റ്റഡി ഗ്രൂപ്പ് ഇന്ത്യയുടെ നിലപാടുകൾക്ക് രൂപം നൽകും.ചൈനയെ വിശ്വസിക്കാൻ കഴിയാത്തതിനാലാണ് തന്ത്രങ്ങൾ രൂപീകരിക്കാൻ കേന്ദ്രസർക്കാർ അജിത് ഡോവലിനെ നിയോഗിച്ചത്.

വിദേശമന്ത്രിമാരുടെ മോസ്‌കോ ചർച്ചയിലെ ധാരണ പ്രകാരം

സേനാപിന്മാറ്റത്തിന്റെ നടപടിക്രമങ്ങൾ നിശ്ചയിക്കാൻ അടുത്തയാഴ്‌ച ഇന്ത്യാ-ചൈനാ കമാൻഡർ നടത്തുന്ന ചർച്ചയിൽ ഇന്ത്യ ഈ നിലപാടായിരിക്കും സ്വീകരിക്കുക

അജണ്ട ചർച്ച ചെയ്യാൻ സേനാ തലവൻമാർ, ഇന്റലിജൻസ് ബ്യൂറോ, റാ മേധാവികൾ, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാർ എന്നിവർ അടങ്ങിയ ചൈനാ സ്‌റ്റഡി ഗ്രൂപ്പ് ഇന്നലെ യോഗം ചേർന്നു.

വിദേശ മന്ത്രിമാരായ എസ്. ജയശങ്കറും വാംഗ് യിയും നടത്തിയ ചർച്ചയിൽ ധാരണയായ അഞ്ചിന പദ്ധതി വിശകലനം ചെയ്യാൻ വെള്ളിയാഴ്‌ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ചിരുന്നു. അജിത് ഡോവലും സേനാ മേധാവികളും പങ്കെടുത്തു. തുടർന്ന് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ ധരിപ്പിച്ചു.

ലേയിലെ 14-ാം കോർ കമാൻഡർ ലെഫ്. ജനറൽ ഹരീന്ദർ സിംഗും ചൈനയുടെ മേജർ ജനറൽ ലിയു ലിനും ആഗസ്‌റ്റിന് മുമ്പ് അഞ്ചു തവണ നടത്തിയ ചർച്ചകളിൽ സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയുണ്ടാക്കിയെങ്കിലും നടപ്പാക്കാനായില്ല.

പാംഗോഗ് തടാകത്തിന് തെക്ക് ചൈനയുടെ കടന്നുകയറ്റത്തെ ചെറുത്ത് ഇന്ത്യ മേൽക്കൈ നേടിയതിന് പിന്നാലെയാണ് റഷ്യയിലെ ചർച്ചയിൽ സൈന്യങ്ങളെ പിൻവലിക്കാൻ ധാരണയുണ്ടായത്. എന്നാൽ മുൻപും പഞ്ചശീല തത്വങ്ങൾ ലംഘിച്ച് ചൈന കടന്നുകയറിയ ചരിത്രം മുൻനിറുത്തിയാകും ഇന്ത്യ അജണ്ട നിശ്‌ചയിക്കുക.