സംസ്ഥാനത്ത് മഴ ശക്തം, 16 വരെ തുടരും
Saturday 12 September 2020 11:42 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 16 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദപാത്തി തുടരുന്നതിനാൽ വരും ദിവസങ്ങളിലും വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കും. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.5 മുതൽ 2.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കു സാദ്ധ്യതയുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.