കോട്ടയത്തുണ്ടോരു എസ്.കൊറോണ; ഈ കൊറോണ മാസ്കും വയ്ക്കും സാനിറ്റൈസറും തേയ്ക്കും
കോട്ടയം:പേര് കേട്ട് ഞെട്ടണ്ട. ഇതു നമ്മുടെ പാവം കോട്ടയംകാരി എസ്.കൊറോണ.മള്ളൂശേരി അംബ്രോസ് നഗറിൽ ഷൈൻ തോമസ് എന്ന മത്സ്യത്തൊഴിലാളി യുവാവിന്റെ ഭാര്യ.ആലപ്പുഴ കാരിച്ചാൽ പള്ളിയിൽ നിന്ന് പത്തു വർഷം മുമ്പ് താലിചാർത്തി കൂടെക്കൂട്ടുമ്പോൾ ഷൈൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഈ 'കൊറോണ' ഒരിക്കൽ 'വൈറലാകുമെന്ന്'.
ടിനു എന്ന വിളിപ്പേരിലാണ് നാട്ടിൽ എസ്.കൊറോണ അറിയപ്പെട്ടിരുന്നത്. ഈ ഓണത്തിന് യൂ ട്യൂബ് വ്ലോഗറായ സുഹൃത്തിനോട് തന്റെ ഭാര്യയുടെ യഥാർത്ഥ പേര് ഷൈൻ വെളിപ്പെടുത്തി. ആദ്യമൊന്ന് ഞെട്ടിയ സുഹൃത്ത്, പിറ്റേന്ന് കാമറയുമായി വീട്ടിലെത്തി. പിന്നെ കൊറോണയുടെ വിവിധ ഭാവങ്ങൾ ഷൂട്ട് ചെയ്‌തു യൂട്യൂബിലിട്ടു. മണിക്കൂറുകൾക്കകം
വീഡിയോ വൈറൽ. ഇപ്പോൾ കൊറോണയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പകർത്താൻ യുട്യൂബ് കാരുടെ നീണ്ട നിരയാണ് വീട്ടിനു മുന്നിൽ. സമൂഹ വിവാഹത്തിലൂടെയാണ് കൊറോണ ഷൈന്റെ ജീവിത സഖിയായത്. അഞ്ചാം ക്ലാസുകാരൻ കെവിനും മൂന്നാം ക്ലാസുകാരൻ നവീനുമാണ് മക്കൾ.
ഓരോരോ പൊല്ലാപ്പേ...
മോഡൽ സ്‌കൂളിലെ വിദ്യാർത്ഥിയായ കെവിൻ, കഴിഞ്ഞ ജൂണിൽ സ്‌കൂൾ അഡ്മിഷനുള്ള ആപ്ലിക്കേഷൻ ഫോമിൽ മാതാവിന്റെ പേര് കൊറോണയെന്ന് എഴുതി. പേര് തെറ്റിയെന്നും തിരുത്തണമെന്നും അദ്ധ്യാപകർ പറഞ്ഞെങ്കിലും കെവിൻ അതുതന്നെ വീണ്ടും എഴുതി നൽകി. അമ്മയുടെ പേര് അതാണെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപകർ വിശ്വസിച്ചില്ല. ഒടുവിൽ പ്രശ്നം പരിഹരിക്കാൻ കൊറോണയ്ക്ക് സ്കൂളിലെത്തേണ്ടി വന്നു.
മൂന്നു മാസം മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു ബന്ധുവിന് രക്തം നൽകാൻ കൊറോണയെത്തി. രക്തദാതാവിന്റെ പേര് എഴുതി നൽകിയപ്പോൾ ആളെ കളിയാക്കുന്നോ എന്നാണ് ബ്ലഡ് ബാങ്ക് ജീവനക്കാർ ചോദിച്ചത്. ഒടുവിൽ തിരിച്ചറിയൽ കാർഡ‌് കാട്ടിയതോടെ കൂട്ടച്ചിരിയായി.
എന്നാലും ന്റെ പൊന്ന് അച്ചോ!
ഹരിപ്പാട് മുതുകുളം ചൂളത്തെരുവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മാമോദിസാ ചടങ്ങിനിടെ അവിടത്തെ വൈദികനാണ് ഈ പേരിട്ടത്.പള്ളിയിൽ എത്തിയപ്പോൾ വീട്ടുകാരോട് വൈദികൻ കുഞ്ഞിന്റെ പേര് ചോദിച്ചു. പേരൊന്നും കണ്ടുവച്ചിട്ടില്ലെന്ന്
കൊറോണയുടെ മാതാപിതാക്കൾ അറിയിച്ചു. ഇതോടെ വൈദികൻ ചുണ്ട് കുഞ്ഞിന്റെ ചെവിയോട് ചേർത്ത് നീട്ടി വിളിച്ചു. മോളേ കൊറോണേ...ഏതോ ഒരു വിശുദ്ധയുടെ പേരാണ് കൊറോണയെന്നാണ് അന്ന് അച്ചൻ പറഞ്ഞതെന്ന് കൊറോണയുടെ മാതാപിതാക്കൾ പറയുന്നു.