കടകംപള്ളിയുടേത് പരിഹാസ്യമായ ന്യായം: കെ.സി. ജോസഫ്

Sunday 13 September 2020 3:56 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം രാജിവച്ചില്ലെന്നും അതുകൊണ്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്ത കെ.ടി. ജലീൽ രാജിവയ്‌ക്കേണ്ടതില്ലെന്നും കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ന്യായം കണ്ടെത്തുന്നത് പരിഹാസ്യമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ പ്രസ്താവിച്ചു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത് സാക്ഷിയായിട്ടാണ്.

വസ്തുതാന്വേഷണത്തിനായി സർക്കാർ നിയോഗിച്ച കമ്മിഷൻ എന്ന നിലയ്ക്കാണ് ഉമ്മൻചാണ്ടി സോളാർ കമ്മിഷന് മുന്നിൽ ഹാജരായത്. സോളാർ കമ്മിഷന് മുന്നിൽ തെളിവ് നല്കാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളും ഹാജരായി. കമ്മിഷൻ തുറന്ന കോടതി പോലെയാണ് പ്രവർത്തിച്ചത്. അവിടെ നടന്ന എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അപ്പപ്പോൾ അറിയാമായിരുന്നു.

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത് നയതന്ത്രപാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത്, കേന്ദ്രാനുമതി ഇല്ലാതെ വിദേശസഹായം സ്വീകരിക്കൽ, പ്രതികളുമായുള്ള അടുത്ത ബന്ധം, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. മന്ത്രിയുടെ സംശയകരമായ പ്രവൃത്തികളെയാണ് ഇ.ഡി ചോദ്യം ചെയ്തത്. കുറ്റം ചെയ്തയാൾ എന്ന സംശയനിഴലിലാണ് മന്ത്രി. രാജി വയ്ക്കുക എന്നത് മാത്രമാണ് മന്ത്രിയുടെ മുന്നിലുള്ള പോംവഴി. സി.പി.എമ്മും ഇടതുസർക്കാരും അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും കെ.സി. ജോസഫ് പറഞ്ഞു.