ശ്രീകൃഷ്ണന്റെ വികലമായ ചിത്രം പോസ്റ്റ് ചെയ്തു: ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ, പ്രതി സി.പി.എം പ്രവർത്തകനെന്ന് ആരോപണം

Sunday 13 September 2020 12:09 AM IST

തൃശൂർ: ശ്രീകൃഷ്ണന്റെ വികലമായ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം പെങ്ങാമുക്ക് സ്വദേശി സബിത്തിനെ ആണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു ഐക്യവേദി കാട്ടകാമ്പാൽ പഞ്ചായത്ത് സംഘടനാ സെക്രട്ടറി പി.എൻ മണികണ്ഠന്റെ നൽകിയ പരാതിയിന്മേലാണ് നടപടിയുണ്ടായത്.

മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തിൽ മതസംഘർഷം വളർത്തുവാനും ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മണികണ്ഠൻ സംഭവത്തിൽ പരാതി നൽകിയത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു സംഭവം നടന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട സബിത്ത് സി.പി.എം പ്രവർത്തകനാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഫേസ്ബുക്കിൽ ഷെയർ ചെയ്തുവന്ന ഒരു ചിത്രം സബിത്ത് പങ്കുവയ്ക്കുകയായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയുടെ പ്രകാരമാണ് യുവാവിനെതിരെ നടപടി സ്വീകരിച്ചതെന്നും കുന്നംകുളം പൊലീസ് വ്യക്തമാക്കി.