ശ്രീനാരായണ ധർമ്മ പ്രചാരകൻ ജി.ശിവരാജൻ നിര്യാതനായി

Sunday 13 September 2020 2:47 AM IST

പൂവാർ: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ വൈസ് പ്രസിഡന്റും കോവളം മണ്ഡലം പ്രസിഡന്റും പ്രമുഖ ശ്രീനാരായണ ധർമ്മ പ്രചാരകനും റിട്ട. ഹെഡ്മാസ്റ്ററുമായ അരുമാനൂർ മനു ഭവനിൽ ജി.ശിവരാജൻ (85) നിര്യാതനായി.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിനു കീഴിലുള്ള അരുവിപ്പുറം ശ്രീനാരായണ സെൻട്രൽ സ്കൂൾ പ്രഥമ പ്രിൻസിപ്പൽ, കേരള മദ്യനിരോധന സമിതി താലൂക്ക് പ്രസിഡന്റ്, കെ.എസ്.എസ്.പി.യു പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ്, അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്രയോഗം പ്രസിഡന്റ്, എസ്.എൻ.എസ് ഗ്രന്ഥശാല ആദ്യകാല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രമായ വിദ്യാഭവന്റ സ്ഥാപകനും കാര്യദർശിയുമായിരുന്നു. ഊരുട്ടുകാല ഗവ.ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ച ശേഷം കാൽ നൂറ്റാണ്ടിലേറെക്കാലം ഗുരുധർമ്മപഠന ക്ലാസ്സുകളിലും, രവിവാര പാഠശാലകളിലും,നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു.

ഭാര്യ: സി.സരോജനി (റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: മനു (ബാംഗ്ലൂർ), ഡോ.മഞ്ജു (കാസർകോട്), മഞ്ജിമ (ആസ്ട്രേലിയ).മരുമക്കൾ: പി.എം.സെറീന, എസ്.ജയകുമാർ, പി.ആർ.രാജൻ.സഞ്ചയനം: 16 ബുധൻ രാവിലെ 8.30ന്.