സംസ്ഥാനത്തെ ആദ്യ ന്യൂസിയം തൃത്താലയിൽ

Monday 14 September 2020 12:45 AM IST
സംസ്ഥാനത്തെ ആദ്യ ന്യൂസിയം കെട്ടിടം തൃത്താലയിൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി.എം.പുഷ്പജ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: സംസ്ഥാനത്തെ ആദ്യ പ്രാദേശിക ന്യൂസിയം തൃത്താലയിലൊരുങ്ങുന്നു. പറയിപെറ്റ പന്തിരുകുല പെരുമയുള്ള നാടിന്റെ മുഴുവൻ പൈതൃകവും ചരിത്രവും സമഗ്രമായി രേഖപ്പെടുത്തുന്നതാണ് ന്യൂസിയം. പഠന-ഗവേഷണ കേന്ദ്രമാക്കി ആരംഭിക്കുന്ന ന്യൂസിയത്തിന് വേണ്ടി ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ചത്.


പഞ്ചായത്ത് കോമ്പൗണ്ടിൽ 5.08 സെന്റിൽ 29.40 ലക്ഷം ചെലവിട്ടാണ് ന്യൂസിയം സ്ഥാപിച്ചത്. കെട്ടിടത്തിൽ ഗ്രന്ഥശാലയും അനുബന്ധ സാമഗ്രികൾ സൂക്ഷിക്കുന്നതിന് രണ്ട് ഭാഗങ്ങളുമുണ്ട്. അടുത്ത ഘട്ടമായി ഡിജിറ്റൽ ലൈബ്രറിയും പ്രത്യേക സോഫ്‌റ്റ് വെയറും ഒരുക്കും. കെട്ടിടോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.പി.എം.പുഷ്പജ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ് അദ്ധ്യക്ഷനായി.


വൻ വിവര ശേഖരം
തൊഴിൽ മേഖല, ബാങ്കിംഗ്, ടൂറിസം, വിദ്യാഭ്യാസം, കച്ചവടം, ഗതാഗതം, കൃഷി, ഭവനം, വൈദ്യവിജ്ഞാനം, ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, രാഷ്ട്രീയം, ഭക്ഷ്യസംസ്‌കാരം, സർക്കാർ കാര്യാലയം, ഐതിഹ്യം, തീർത്ഥാടന കേന്ദ്രങ്ങൾ, ഉത്സവം, എഴുത്തിന്റെ വഴികൾ, നാടൻ കലകൾ, ആയോധന കല, പ്രഗത്ഭ വ്യക്തികൾ, പുരാതന ശേഷിപ്പുകൾ, സസ്യവൈവിദ്ധ്യം, സ്ഥലനാമം, ഭൗമഘടന, നദികൾ എന്നിങ്ങനെ നാടുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന എല്ലാ വിവരങ്ങളും സമാഹരിച്ച് സൂക്ഷിക്കും. അച്ചടിച്ച എല്ലാ വാർത്തകളും ദൈനംദിന സംഭവ വികാസങ്ങളും ശേഖരിക്കും.