പുഞ്ചപ്പാടത്ത് നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചുകയറി

Monday 14 September 2020 12:44 AM IST
പുഞ്ചപ്പാടത്ത് നിയന്ത്രണം വിട്ട ചരക്കുലോറി വീട്ടിലേക്ക് ഇടിച്ചുകയറിയ നിലയിൽ.

ശ്രീകൃഷ്ണപുരം: മുണ്ടൂർ- പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ പുഞ്ചപ്പാടം 19-ാം മൈൽ വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി വീട്ടിലേക്ക് ഇടിച്ചുകയറി. വീടിന്റെ ചുമരും മേൽക്കൂരയും തകർന്നു. ഞായറാഴ്ച പുലർച്ചെ 4.45നാണ് സംഭവം. മമ്പള്ളി ഉണ്ണിക്കുട്ടന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ലോറി മുന്നിലെ മാവിടിച്ച് മറിച്ച് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. വീടിനകത്ത് ഉറങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അപകടം ഇവിടെ തുടർക്കഥ

റോഡിൽ അടുത്തടുത്തായി രണ്ട് കൊടുംവളവുകളുള്ള ഇവിടെ വാഹനാപകടം തുടർക്കഥയാണ്. അടുത്തിടെയുണ്ടായ അപകടങ്ങളിൽ അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. പലർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇറക്കവും കൊടുംവളവും കൂടിയാകുമ്പോൾ ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ബാലൻസ് കിട്ടാതെ മറിയുകയോ എതിർ ദിശയിലേക്ക് തെന്നിനീങ്ങുകയോ ചെയ്യുന്നതാണ് പ്രധാന പ്രശ്നം. റൂട്ട് പരിചയമില്ലാത്ത അന്യസംസ്ഥാന വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. യാത്രക്കാരുടെ പേടിസ്വപ്നമായ വളവുകൾ നിവർത്തി റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.