പ്ലസ് വൺ: മുന്നാക്ക സംവരണ സീറ്റിൽ പകുതിയിലും ആളില്ല

Monday 14 September 2020 12:05 AM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10 ശതമാനം സംവരണ സീറ്റുകളിലേക്ക് വേണ്ടത്ര അപേക്ഷകരില്ല. ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ, ആകെ സീറ്റുകളുടെ പകുതിയിലേറെയും ഒഴിഞ്ഞു കിടക്കുകയാണ്.

മുന്നാക്ക സംവരണത്തിനായി 16,​711 സീറ്റുകളാണ് മാറ്റിവച്ചിരുന്നത്. ഇതിൽ 7,​744 സീറ്റുകളിലേക്ക് മാത്രമാണ് അപേക്ഷകരുള്ളത്. ബാക്കി 8,​967 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. മലബാർ ജില്ലകളിലാണ് കൂടുതൽ . ഇതിൽ തന്നെ,ഏറ്റവുമധികം മലപ്പുറം ജില്ലയിലും.

മുന്നാക്ക സംവരണത്തിനായി മലപ്പുറത്ത് 2712 സീറ്റുകളാണ് അനുവദിച്ചത്. ഇതിൽ 377 പേർ മാത്രമാണ് അപേക്ഷിച്ചത്. 2335 സീറ്റുകൾ ഒഴിവ്.മറ്റ് ജില്ലകളിൽ ഒഴിവുള്ള സീറ്റുകൾ: തിരുവനന്തപുരം -270,​ കൊല്ലം- 76,​ പത്തനംതിട്ട- 231,​ ആലപ്പുഴ -268,​ കോട്ടയം- 274,​ ഇടുക്കി- 275,​ എറണാകുളം- 561,​ തൃശൂർ- 541,​ പാലക്കാട്- 972,​ കോഴിക്കോട്- 765,​ വയനാട്- 356,​ കണ്ണൂർ- 1321,​ കാസർകോട്- 721.

സംസ്ഥാനത്ത് ഇതാദ്യമാണ് പ്ലസ് വൺ പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചത്. അടുത്ത അലോട്ട്മെന്റിന് ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ജനറൽ മെരിറ്റിലേക്ക് മാറ്റിയേക്കും.