കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: കാമുകി അറസ്റ്റിൽ
കുളത്തൂപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര ടി.എസ് ഭവനിൽ ദിനേശിനെ കൊലപ്പെടുത്തിയ കേസിലാണ് ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്ക രശ്മി നിവാസിൽ രശ്മി (25) അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് ദിനേശിനെ രശ്മിയുടെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ദിനേശ് സുഹൃത്തുക്കൾക്കൊപ്പം ഊണ് കഴിക്കുന്നതിനിടെ രശ്മി ഫോൺ വിളിച്ച് പെട്ടെന്ന് വീട്ടിലെത്താൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ ഓട്ടോയിലാണ് ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. തുടർന്ന് സുഹൃത്തിനെ തിരിച്ചയച്ചു.
വീട്ടിൽ വച്ച് രശ്മിയും ദിനേശും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ പിടിവലിക്കിടെ രശ്മി ശക്തിയായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചു വീണ ദിനേശ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് രശ്മിയുടെ അമ്മ തൊഴിലുറപ്പിന് പോയിരിക്കുകയായിരുന്നു. രശ്മിയും അമ്മയും മാത്രമാണ് വീട്ടിലുള്ളത്.
കിടപ്പുമുറിയിൽ വീണ ദിനേശിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ രശ്മി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് രശ്മി തന്നെയാണ് വിവരം പരിസരവാസികളെ അറിയിച്ചത്. വീഴ്ചയിൽ തലയ്‌ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തൂപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുൻ അദ്ധ്യാപികയാണ് രശ്മി. പലപ്പോഴും ദിനേശിന്റെ ഒാട്ടോയിലായിരുന്നു ഇവർ സ്കൂളിൽ പോയിരുന്നത്. അങ്ങനെയാണ് ഇവർ പ്രണയത്തിലായത്.
അയൽവാസിയായുമായി രശ്മി പ്രണയത്തിലായിരുന്നു. അതിന് ശേഷമാണ് ദിനേശിനെ പരിചയപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രശ്മിയുടെ മുൻകാമുകനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഫോറൻസിക് പരിശോധനാ ഫലവും സൈബർ സെല്ലിന്റെ റിപ്പോർട്ടും വന്നാലേകൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ എൻ. ഗിരീഷ് അറിയിച്ചു.