വേദനിക്കുന്നവർക്ക് തുണയാകാൻ 'മഞ്ഞുതുള്ളി'

Monday 14 September 2020 12:00 AM IST

തിരുവനന്തപുരം: തനിച്ചായിപ്പോയവർക്കും രോഗികൾക്കും അസുഖബാധിതരായ കുഞ്ഞുങ്ങൾക്കും കൈത്താങ്ങാകാൻ ചിത്രകാരൻമാരും ചിത്രകാരികളും ഒത്തുചേരുന്നു. ചിത്രങ്ങൾ വിറ്രുകിട്ടുന്ന തുക രോഗികൾക്കും മറ്റ് പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും നൽകുന്ന, മഞ്ഞുതുള്ളി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പാലിയം ഇന്ത്യയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ചിത്രകാരൻമാർ പങ്കെടുക്കും. ലോക പാലിയേറ്റീവ് കെയർ ദിനമായ ഒക്ടോബർ 10ന് ഉദ്ഘാടനം നടക്കുമെന്ന് പാലിയം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാൽ അറിയിച്ചു. ഇതുവരെ 52ഓളം ചിത്രകാരൻമാർ 160ഓളം ചിത്രങ്ങൾ സംഭാവനയായി നൽകിയിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കോട്ടയം നസീർ തുടങ്ങിയ പ്രശസ്തരുടെ ചിത്രവും പ്രദർശനത്തിലുണ്ടാകും. ഈ പണം പൂർണമായും പാലിയം ഇന്ത്യ വഴി സഹായം ആവശ്യമുള്ളവരിലെത്തിക്കും. വിവരങ്ങൾക്ക്: 9746745502.