രമേശ് ചെന്നിത്തലയുടെ ' സഭയിലെ പോരാട്ടം' പ്രകാശനം 15ന്

Monday 14 September 2020 12:30 AM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗങ്ങൾ 'സഭയിലെ പോരാട്ടം' എന്ന പേരിൽ സമാഹരിച്ച് ഒലീവ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. 2016 ജൂൺ 28 മുതൽ 2018 ഏപ്രിൽ 4 വരെയുള്ള കാലഘട്ടത്തിൽ നിയമസഭയിൽ അടിയന്തിരപ്രമേയങ്ങൾക്ക് അനുമതി നിഷേധിക്കപ്പെടുമ്പോൾ സഭയിൽ നിന്ന് വാക്കൗട്ട് പ്രഖ്യാപിച്ചു നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്. ആകെ 84 പ്രസംഗങ്ങൾ.
രാഷ്ട്രീയ കൊലപാതകങ്ങൾ,വിവാദങ്ങളിൽ കുടുങ്ങി മൂന്ന് മന്ത്രിമാരുടെ രാജി,സർക്കാരിന്റെ ആദ്യകാലത്ത് രൂക്ഷമായ ഐ.എ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ ചേരിപ്പോര്,പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടതുൾപ്പടെയുള്ള സ്ത്രീപീഡനങ്ങൾ തുടങ്ങി വയനാട്ടിൽ സി.പി.ഐ നേതാക്കളുടെ പിന്തുണയോടെ നടന്ന മിച്ചഭൂമി കച്ചവടം വരെയുള്ള വിഷയങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിയമസഭയിലെ നേതാക്കളുടെ പ്രസംഗങ്ങൾ മുമ്പും സമാഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാക്കൗട്ട് പ്രസംഗങ്ങൾ മാത്രമായി സമാഹരിക്കപ്പെടുന്നത് ആദ്യമാണ്. 15ന് വൈകിട്ട് 4ന് പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്തും കോഴിക്കോട്ടുമായി ഓൺലൈനിൽ നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സി.പി.ഐ നേതാവ് സി. ദിവാകരൻ എം.എൽ.എയ്ക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യും. ഡോ.എം.കെ. മുനീർ അദ്ധ്യനാകും.