മാസ്ക്കിട്ട് സ്റ്റാർട്ടാക്കും ഡ്രൈവിംഗ് സ്കൂളുകൾ ; ഇന്നുമുതൽ പരിശീലനം
കോഴിക്കോട്: കൊവിഡിൽ ബ്രേക്കിട്ടിരുന്ന ഡ്രൈവിംഗ് സ്കൂളുകൾ ഇന്നുമുതൽ മാസ്കിട്ട് സ്റ്റാർട്ടാക്കും. ആറുമാസത്തോളമായി പ്രതിസന്ധിയിലായിരുന്നു ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇതോടെ താൽക്കാലിക ആശ്വാസമാകും. പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ്, ടാക്സ് എന്നിവയെല്ലാം മുടങ്ങികിടക്കുകയായിരുന്നു. പരിശീലനം നടക്കുമെങ്കിലും ടെസ്റ്റുകൾ ഉടൻ ഉണ്ടാവില്ല. ഡ്രൈവിംഗ് ടെസ്റ്റിനുള്ള ശരിയായ മാർഗ നിർദ്ദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് എ. കെ. എം. സി. എസ് സംസ്ഥാന സെക്രട്ടറി അഷറഫ് പറഞ്ഞു. . മാർച്ച് 12 മുതൽ നിർത്തിവച്ച ടെസ്റ്റുകളാണ് ആദ്യഘട്ടത്തിൽ നടത്തുക. അതിന് ശേഷം ലേണേഴ്സ് പരീക്ഷ എഴുതിയവർക്കായിരിക്കും. സ്ലോട്ട് ബുക്ക് ചെയ്ത വരെയാണ് ടെസ്റ്റിനായി പരിഗണിക്കുന്നത്. പുതിയ അപേക്ഷകരും സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ അപേക്ഷ പുതിയതാണോ പഴയതാണോ എന്നറിയാനുള്ള സോഫ്റ്റ്‌വെയർ സംവിധാനം നിലവിലില്ല. അതിനാൽ രണ്ട് അപേക്ഷകരും ഗ്രൗണ്ടിൽ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കും. കൊവിഡ് വ്യാപന ഭീഷണിയുള്ളതിനാൽ ടെസ്റ്റുകൾ കുറവായിരിക്കും. ഓരോ ആർ.ടി.ഒയ്ക്ക് കീഴിലും നേരത്തെയുള്ളതിന്റെ പകുതി ടെസ്റ്റുകൾ മാത്രമെ നടക്കുകയുള്ളൂ. കണ്ടെയ്ൻമെന്റ് സോൺ, മറ്റ് നിരോധിത മേഖലയിൽ ഉള്ളവരെ ടെസ്റ്റിൽ പങ്കെടുപ്പിക്കില്ല.
നിർദ്ദേശങ്ങൾ
വിദ്യാർത്ഥികളിൽ നിന്ന് കൊവിഡ് സത്യവാങ്മൂലം വാങ്ങിക്കണം.
വാഹനം അണുവിമുക്തമാക്കണം
65 വയസുള്ളവർക്കും ഗർഭിണികൾക്ക് വിലക്ക്
വാഹനത്തിൽ ഒരു വിദ്യാർത്ഥി മാത്രം
ഗ്ലാസുകൾ തുറന്നിടണം, എ.സി ഉപയോഗിക്കരുത്.
സാനിറ്റൈസർ, ഡിസ്പോസിബിൾ ഗ്ലൗസ് , അണുനാശിനി എന്നിവ വാഹനത്തിൽ കരുതണം
വാഹനം ദിവസവും വാട്ടർ സർവീസ് ചെയ്യണം
-----------------
" ആറുമാസത്തോളമായി അടഞ്ഞു കിടക്കുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കും ഉടമകൾക്കും താൽക്കാലിക ആശ്വാസമാണ്. ഡ്രൈവിംഗ് സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുന്ന ഈ മേഖലയിലുള്ളവരെ സർക്കാർ സാമ്പത്തികമായി സഹായിക്കണം-
അഷറഫ് നരിമുക്കിൽ, സംസ്ഥാന സെക്രട്ടറി
ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ.
" വാഹനം അറ്റകുറ്റപ്പണി നടത്തിയത്തിൻറെ ഭാഗമായി നല്ലൊരു തുക ചെലവായിട്ടുണ്ട്.. പ്രവർത്തനാനുമതി നൽകിയത് ഏറെ ആശ്വാസം-
രൂപേഷ്,
രേവ ഡ്രൈവിംഗ് സ്കൂൾ ഉടമ