പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി

Monday 14 September 2020 12:25 AM IST

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പൊലീസിൽ നിന്ന് രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. പൊലീസ് അന്വേഷണം ഊർജിതമായി മന്നോട്ടു പോകുന്നതിനിടെയാണ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയത്. പൊലീസ് ശേഖരിച്ച രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ കൈമാറി. 14 ദിവസത്തിനുള്ളിൽ ശേഖരിച്ച തെളിവുകൾ ഇതിലുൾപ്പെടും. സാമ്പത്തിക നിക്ഷേപം, ഭൂമിയിടപാട് സംബന്ധിച്ച ഫയലുകളും എൻഫോഴ്‌സ്‌മെന്റിന് നൽകി. നിലവിൽ സ്വർണവും വസ്തുവകകൾ ഉൾപ്പെടെ ഉടമകളുടെ ആസ്തി 125 കോടിയുണ്ടെന്ന് പത്തനംതിട്ട എസ് പി കെ.ജി സൈമൺ പറഞ്ഞു നിക്ഷേപകരുടെ സ്വർണം ഉപയോഗിച്ച് ദേശസാൽകൃത ബാങ്കുകളിൽ നിന്ന് 70 കോടിയോളം രൂപയാണ് ഉടമകൾ വായ്പ എടുത്തിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് ബോധ്യമായി. തിരുവനന്തപുരത്തും പൂനയിലും സ്വന്തമായി ഫ്‌ളാറ്റുകൾ ഉണ്ടായിരുന്നു. ഇവ കുറഞ്ഞ വിലയ്ക്ക് മറ്റൊരാൾക്ക് കൈമാറിയതായും കണ്ടെത്തി. ഉടമകളുടെ 13 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 10 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.