നന്മ നിറഞ്ഞവൻ ലോങ്കി, 30വർഷം കൊണ്ട് ഗ്രാമത്തിൽ വെള്ളമെത്തിച്ച ഇടയൻ!
ഗയ: കന്നുകാലികളെ മേയ്ക്കാൻ പോകുന്നവർ ഒഴിവ് സമയങ്ങളിൽ എന്ത് ചെയ്യും? ബീഹാർ സ്വദേശിയായ ലോങ്കി ഭുയാൻ അഭിമാനപൂർവം പറയും കഴിഞ്ഞ 30 കൊല്ലത്തോളമായി തന്റെ ഗ്രാമത്തിനായി ചാൽ കീറുകയായിരുന്നുവെന്ന്. ഗയയിലെ ലാത്തുവ എന്ന പ്രദേശത്തെ കാടും മലയും കൊണ്ട് ചുറ്രപ്പെട്ട കോത്തിലവ ഗ്രാമത്തിലെ ആട്ടിടയനാണ് ലോങ്കി. മാവോയിസ്റ്റ് സങ്കേതമായും അറിയപ്പെടുന്ന ഇവിടുത്തെ ജനങ്ങളുടെ പ്രധാനതൊഴിൽ കൃഷിയും കാലിവളർത്തലുമാണ്. മഴക്കാലത്ത് മലമുകളിൽ നിന്നും മഴവെള്ളം വെറുതേ പഴായി നദിയിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് ലോങ്കിക്ക് ഇങ്ങനെ ഒരാശയം തോന്നിയത്. കാലികൾ മേയുമ്പോൾ കിട്ടുന്ന ഒഴിവുസമയത്ത് ലോങ്കി ചാൽ കുഴിക്കുന്നതിൽ മുഴുകും. അധ്വാനം വെറുതെയായില്ല. 30 വർഷം കൊണ്ട് 3 കിലോമീറ്റർ നീളമുള്ള ചാലുകീറി ഗ്രാമത്തിലെ കുളത്തിലേക്ക് വെള്ളമെത്തിക്കാൻ ലോങ്കിയ്ക്കായി.
"കഴിഞ്ഞ മുപ്പതുകൊല്ലമായി ഞാൻ കാലിമേക്കാനും ചാൽ കുഴിക്കാനുമായി കാടിന് സമീപം പോകുമായിരുന്നു. ആരും എന്നെ സഹായിച്ചില്ല. നല്ല സൗകര്യങ്ങൾ തേടി ആളുകൾ ഗ്രാമത്തിൽ നിന്നും പോകുമ്പോഴും ഞാൻ ഇവിടെതന്നെ തുടരാൻ തീരുമാനിച്ചു." ലോങ്കി പറയുന്നു. ലോങ്കി വലിയ ഉപകാരമാണ് തങ്ങൾക്ക് ചെയ്തതെന്ന് ഗ്രാമവാസികൾ ഒന്നടങ്കം പറയുകയാണിപ്പോൾ.