മന്ത്രി ജലീലിനെതിരെ വഴിനീളെ പ്രതിഷേധം
തിരുവനന്തപുരം: ഇ..ഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഞായറാഴ്ച വൈകിട്ട് വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച മന്ത്രി കെ.ടി.ജലീലിന് വഴിനീള യുവജനസംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം നേരിടേണ്ടി വന്നു.
. യൂത്ത്കോൺഗ്രസിന്റെയും, യുവമോർച്ചയുടേയും പ്രവർത്തകർ വഴിയിൽ പലയിടത്തും കാത്തുനിന്ന് കരിങ്കൊടിവീശി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പൊലീസ് തടഞ്ഞത്.
നേരത്തേ, വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പിന്നീട്, യാത്രയ്ക്കിടെ ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി.പാലിയേക്കരയിൽ മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുൻപിലേയ്ക്ക് ചാടി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ തടയാൻ ശ്രമിച്ചു. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കൈയ്യൊടിഞ്ഞു. അങ്കമാലിയിലും പ്രതിഷേധമുണ്ടായി.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രയ്ക്കിടെ തവനൂരിലെ കൃഷിയിടം സന്ദർശിച്ച മന്ത്രി തനിക്ക് പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കിൽ പറഞ്ഞിട്ടുണ്ടെന്ന് പ്രതികരിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.