വീണ്ടും ന്യൂനമർദ്ദം,മഴ കടുക്കും

Monday 14 September 2020 12:00 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത ആഴ്ചവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി. ഇത് വീണ്ടും ശക്തിപ്പെട്ട ശേഷം വടക്കുപടിഞ്ഞാറ് ദിശയിൽ മദ്ധ്യ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങും.ന്യൂനമർദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും. കേരളത്തിൽ ഇടവിട്ടുള്ള മഴ അടുത്തയാഴ്ച വരെ തുടരും. 19ന് ശേഷം മഴ ശക്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്. 20 ന് മറ്റൊരു ന്യൂനമർദ്ദം കൂടി ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതു വീണ്ടും സംസ്ഥാനത്ത് മഴ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.കേരളതീരത്ത് മണിക്കൂറിൽ 55 കി.മി വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഉയർന്ന തിരമാലകൾക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.