എസ്.ബി.ഐ വികെയർ പദ്ധതിയുടെ കാലാവധി നീട്ടി
ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്കായി എസ്.ബി.ഐ അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ (എഫ്.ഡി) പദ്ധതിയായ 'വികെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്‌കീമിൽ" ചേരാനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടി. ഈമാസം 30 ആയിരുന്നു നേരത്തേ നിശ്‌ചയിച്ചിരുന്ന അന്തിമതീയതി. കുറഞ്ഞത് അഞ്ചുവർഷമാണ് നിക്ഷേപ കാലാവധി.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുത്തനെ കുറച്ചതിനാൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും താഴ്‌ന്നിരുന്നു. പലിശയിറക്കത്തിൽ നിന്ന് മുതിർന്ന പൗരന്മാരെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് അവതരിപ്പിച്ച പദ്ധതിയാണ് വികെയർ. സാധാരണ എഫ്.ഡിയേക്കാൾ 0.80 ശതമാനം അധിക പലിശ ലഭിക്കുമെന്നതാണ് നേട്ടം.
സെപ്‌തംബർ പത്തിന് പ്രാബല്യത്തിൽ വന്നവിധം സ്ഥിരനിക്ഷേപ പലിശ എസ്.ബി.ഐ പരിഷ്‌കരിച്ചിരുന്നു. ഇതുപ്രകാരം ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെവരെയുള്ള നിക്ഷേപത്തിന് സാധാരണക്കാർക്ക് പലിശ 4.9 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.4 ശതമാനവുമാണ്. എന്നാൽ, നിക്ഷേപത്തിന് വികെയർ തിരഞ്ഞെടുത്താൽ 0.80 ശതമാനം അധികപലിശ ലഭിക്കും; അതായത് 6.20 ശതമാനം. അതേസമയം, കാലാവധിക്ക് മുമ്പ് നിക്ഷേപം പിൻവലിച്ചാൽ ആനുകൂല്യം കിട്ടില്ല.