യുവതിയെ ആക്രമിക്കുന്നത് തടഞ്ഞ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി

Tuesday 15 September 2020 12:00 AM IST

അടിമാലി: യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ സുഹൃത്തിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി.മാങ്കുളം ചിക്കനാംകുടി അൻപതാം മൈൽ സ്വദേശി ലക്ഷ്മണനാണ് (50) കൊല്ലപ്പെട്ടത്.ഇയാളെ വെട്ടിക്കൊലപ്പെടുത്തിയഅടിമാലി ഇരുമ്പുപാലം പുല്ലാട്ട് മുഴിയിൽ ഇക്ബാൽ ( 54) ഒളിവിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.കൂടെ താമസിച്ചിരുന്ന ലഷീദ (രതി-30) എന്ന യുവതിയെയാണ് ഇക്ബാൽ ആക്രമിച്ചത്. ഇവർ ഇപ്പോൾ പരിക്കുകളോടെ ആശുപത്രിയിൽചികിത്സയിലാണ്.സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്:സുഹൃത്തുക്കളായ ഇക്ബാലും ലക്ഷ്മണനും വ്യാജവാറ്റ് നടത്തിയിരുന്നു.ഇവർ തയ്യാറാക്കി വച്ചിരുന്ന കോട കഴിഞ്ഞ ദിവസം അടിമാലി നർകോട്ടിക് സംഘം പിടികൂടുകയും ഇക്ബാൽ ഒളിവിൽ പോകുകയും ചെയ്തിരുന്നു. ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ ഇക്ബാൽ ലഷീദയുമായി വഴക്കുണ്ടാക്കുകയും ഇവരുടെ ആറ് മാസം പ്രായമുള്ള കു‌ഞ്ഞിനെ പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഇതിനിടെ ലഷീദ കുട്ടിയുമായി അയൽപക്കത്തെ ലക്ഷമണന്റെ വീട്ടിലെയക്ക് ഓടിക്കയറി. പിന്നാലെ വെട്ടുകത്തിയുമായി എത്തിയ ഇക്ബാൽ അവിടെയുണ്ടായിരുന്ന ലക്ഷമണന്റെ ഭാര്യ മല്ലികയെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇക്ബാൽ ലഷീദയെ വെട്ടുന്നത് കണ്ട് ലക്ഷ്മണൻ തടയാനെത്തി.എന്നാൽ ലക്ഷ്മണിനെ ഇക്ബാൽ വാക്കത്തികൊണ്ട് വെട്ടിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു.ലഷിദയും മല്ലികയുംവിവരം അറിയച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോഴേക്കും ലക്ഷമണൻ മരിച്ചു. ലക്ഷ്മണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുമ്പുപാലം സ്വദേശിയായ ഇക്ബാലിന് അവിടെ ഭാര്യയും കുടുംബവുമുണ്ട്. ഏതാനും വർഷമായി മാങ്കുളത്ത് തമ്പടിച്ച് വ്യാജവാറ്റ് നടത്തിവരികയായിരുന്നു.