മഴയുടെ തണുപ്പിൽ തിരഞ്ഞെടുപ്പ് ചൂടാറി
കൊല്ലം: മഴയെ തുടർന്ന് അന്തരീക്ഷം തണുത്തതോടെ ചവറയിലെ തിരഞ്ഞെടുപ്പ് ചൂടും അൽപ്പമൊന്ന് കുറഞ്ഞെന്ന് കരുതിയാൽ തെറ്റില്ല. നാട്ടിലെ ഉത്സവങ്ങളും പെരുന്നാളുമൊക്കെ കൊവിഡ് കവർന്നതോടെ ആഘോഷങ്ങളൊന്നുമില്ലാതെ നാട്ടുകാർ വെറുതെ ഇരിക്കുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ് വരുന്നെന്ന് കേട്ടത്. ചെങ്ങന്നൂരിലും അരൂരിലും കോന്നിയിലുമൊക്കെ നടന്ന ഉപതിരഞ്ഞെടുപ്പ് ഉത്സവങ്ങൾ ചാനലുകളിലും പത്രങ്ങളിലും കണ്ട അറിവ് മാത്രമേ ചവറക്കാർക്കുള്ളൂ. പക്ഷേ ചവറയിലെ രാഷ്ട്രീയ നേതാക്കൾക്ക് ആഴ്‌ചകളോളം അവിടെ ക്യാമ്പ് ചെയ്ത് വോട്ട് പിടിച്ചതിന്റെയും നാടറിഞ്ഞതിന്റെയും അനുഭവമുണ്ട്.
മന്ത്രിപ്പടയും നേതാക്കളും ഒന്നാകെ മണ്ഡലത്തിലെത്തുന്നതും ചവറയിലെ മുക്കിലും മൂലയിലും കാമറയുമായി നടന്ന് ചാനലുകാരും പത്രക്കാരും വിശേഷങ്ങൾ പകർത്തുന്നതും നാട്ടുകാരിൽ ചിലരെങ്കിലും മനസിൽ കണ്ടുകാണും. ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സർക്കാരും പിന്നാലെ നടന്ന സർവ കക്ഷിയോഗവും നിലപാടെടുത്തോടെ നാട്ടാരുടെ പ്രതീക്ഷകളും രാഷ്ട്രീയ പ്രവർത്തകരുടെ ആവേശവും തണുത്തു.
ചായക്കട ചർച്ചകളിൽ തിരഞ്ഞെടുപ്പിനെ കുറിച്ച് ഇപ്പോഴാരും മിണ്ടാറില്ല. മീനില്ലാത്തതും പെരുമഴയും വീണ്ടും ന്യൂമനർദ്ദം രൂപം കൊള്ളുന്നതും ഒക്കെയാണ് പുതിയ ചർച്ചകൾ. തദ്ദേശ തിരഞ്ഞെടുപ്പ് വൈകുമെന്നും പഞ്ചായത്തുകളിൽ ചെറിയ കാലത്തേക്കെങ്കിലും ഉദ്യോഗസ്ഥ ഭരണം ഉണ്ടാകുമെന്നുമൊക്കെ കേട്ട് തുടങ്ങിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശത്തിലും മങ്ങലുണ്ട്. പക്ഷേ ഏതുനിമിഷം തിരഞ്ഞെടുപ്പ് നടന്നാലും അതിനെ നേരിടാനും രാഷ്ട്രീയം പറഞ്ഞ് ജനങ്ങളിലേക്ക് ഇറങ്ങാനും ചവറയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സജ്ജമാണ്.