എബ്രഹാം ലിങ്കന്റെ മുടിക്ക് 59.73 ലക്ഷം രൂപ

Tuesday 15 September 2020 1:15 AM IST

ബോസ്റ്റൺ: 1865ൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ രണ്ട് ഇഞ്ച് നീളമുള്ള തലമുടി ലേലത്തിൽ വിറ്റത് 81,250 ഡോളറിന് (59.73ലക്ഷം രൂപ). ഇതിനൊപ്പം ലിങ്കന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലിഗ്രാമും ഉൾപ്പെട്ടിരുന്നു.

ബോസ്റ്റണിലെ ആർ ആർ ഓക്ഷൻ സെന്ററാണ് ലേലം നടത്തിയത്.

വാഷിംഗ്ടൺ ഫോർഡ്സ് തിയേറ്ററിൽ വെച്ച് ജോൺ വിൽക്കിസ് ബൂത്താണ് എബ്രഹാം ലിങ്കന് നേരെ വെടിവച്ചത്. ലിങ്കന്റെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനിടെ രണ്ടു ഇഞ്ച് വലിപ്പമുള്ള തലമുടി നീക്കം ചെയ്തു. അമേരിക്കയുടെ 16-ാമത് പ്രസിഡന്റായിരുന്ന ലിങ്കന്റെ ഭാര്യ മേരി ടോമ്പിന്റെ കുടുംബാംഗമായ ഡോ.ടോഡിന്റെ കസ്റ്റഡിയിലായിരുന്നു ഈ മുടി.

1945 വരെ മുടി കുടുംബത്തിൽ സൂക്ഷിച്ചിരുന്നതായി ഡോ.ടോഡിന്റെ മകൻ ജെയിംസ് ടോമ്പ് പറഞ്ഞു. 1999ലാണ് നീക്കം ചെയ്ത മുടി ആദ്യമായി വില്പന നടത്തിയതെന്ന് ഓക്ഷൻ ഹൗസ് പറയുന്നു. വാരാന്ത്യം നടന്ന ലേലത്തിൽ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81,250 ഡോളറിനാണ് ലേലത്തിൽ പോയത്. മുടി വാങ്ങിയ വ്യക്തിയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.