അന്വേഷണ ഏജൻസി കൃത്യമായ ട്രാക്കിലെന്ന് മുഖ്യമന്ത്രി

Tuesday 15 September 2020 12:00 AM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണമുന്നയിച്ച സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.ഈ കേസിൽ അന്വേഷണം കൃത്യമായ ട്രാക്കിലാണ് പോകുന്നതെന്നും, അതിലെന്തെങ്കിലും മാറ്റമുണ്ടാകുമ്പോഴാണ് മാറ്റിപ്പറയേണ്ടതെന്നും വാർത്താലേഖകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

'അന്വേഷണ ഏജൻസി വഴിമാറിപ്പോയിയെന്ന് ഞാനിപ്പോഴും പറയുന്നില്ല.. ഇവിടെ ഇപ്പോഴുള്ള അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ രാജ്യത്ത് വ്യത്യസ്ത അനുഭവങ്ങളുണ്ട്..കേന്ദ്രമന്ത്രി വി. മുരളീധരൻ ഇരിക്കുന്ന സ്ഥാനത്തിന് ചേർന്ന തരത്തിലല്ല പലതും പറയുന്നതെന്ന് ഞാൻ നേരത്തേ പറഞ്ഞതാണ്. അതിപ്പോഴും ആവർത്തിക്കുന്നു. അവരുടെ ഉള്ളിൽ നിന്ന് തന്നെ ഇപ്പോൾ വെളിപ്പെടുത്തലുണ്ടായി. മുരളീധരൻ പറഞ്ഞ കാര്യങ്ങൾ അന്വേഷണ ഏജൻസി കണ്ടെത്തിയതിന് വിരുദ്ധമായിരുന്നു. അക്കാര്യം വ്യക്തമായിട്ടും ഇവിടെ കോൺഗ്രസും ബി.ജെ.പിയും കഴിയുന്നത്ര ഒന്നിച്ച് നിന്ന് എൽ.ഡി.എഫിനെ തകർക്കാൻ ശ്രമിക്കുന്നു.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പ്രധാനപ്പെട്ട ഒരു പത്രം ബോധപൂർവ്വം ശ്രമിക്കുന്നതിന്റെ ഭാഗമാണ് ,സ്വപ്ന വാഗ്ദാനം ചെയ്തത് 100 കോടിയുടെ പദ്ധതിയെന്ന വാർത്ത. ഈ പദ്ധതിയുടെ വിവരം റെഡ്ക്രസന്റിനെയോ യു.എ.ഇ കോൺസുലേറ്റിനെയോ ഇതുവരെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് ആ വാർത്തയുടെ തന്നെ അവസാനം കൊടുത്തിട്ടുമുണ്ട്. അപ്പോൾ തെറ്റിദ്ധരിപ്പിക്കലാണ് ലക്ഷ്യം. അപവാദം പ്രചരിപ്പിക്കൽ മാദ്ധ്യമ ധർമ്മത്തിൽപ്പെട്ടതല്ല. കമ്മ്യൂണിസ്റ്റുകാർ വന്നാൽ തൂങ്ങിച്ചാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ടാവും. അതിന് ശേഷം എത്രയോ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ വന്നു. ഇവിടെയാരും തൂങ്ങിച്ചാവേണ്ടി വന്നിട്ടില്ലല്ലോ. പക്ഷേ, ഇത് ശരിയായ വഴിയല്ല'- മുഖ്യമന്ത്രി പറഞ്ഞു..