പുക പരിശോധന സർട്ടിഫിക്കറ്റ് : കാലാവധി ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

Monday 14 September 2020 9:56 PM IST

പത്തനംതിട്ട : ഒരു വർഷത്തേക്ക് നൽകേണ്ട വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നൽകുന്ന പുക പരിശോധനാ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധിയാണ് നൽകേണ്ടത്. എന്നാൽ, നിലവിൽ പുകപരിശോധനാ കേന്ദ്രങ്ങൾ നൽകുന്നത് ആറു മാസം കാലവധിയുള്ള സർട്ടിഫിക്കറ്റാണ്. നിലവിൽ ബിഎസ് 3 വാഹനങ്ങൾക്ക് മാത്രമാണ് ആറു മാസത്തെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇരു ചക്ര വാഹനങ്ങൾ 80 രൂപയും, മുച്ചക്ര വാഹനങ്ങൾ പെട്രോൾ 80 രൂപയും, ഡീസൽ 90 രൂപയും, ലൈറ്റ് മോട്ടോർ വെഹിക്കിൾ പെട്രോൾ 100 രൂപയും, ഡീസൽ 110 രൂപയും, ഹെവി മോട്ടോർ വെഹിക്കിളിന് 150 രൂപയുമാണ് പുക പരിശോധന ഫീസായി വാങ്ങേണ്ടത്. സർട്ടിഫിക്കറ്റ് ഈ മാസം മുതൽ ഓൺലൈനിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹൻ സോഫ്റ്റ്‌വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മിൽ ലിങ്ക് ചെയ്യും. ഒരു വർഷം കാലാവധി നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരാതിയുമായി ആർടിഒയെ സമീപിക്കാം. ഫോൺ 8547639003. എല്ലാ പുക പരിശോധനാ കേന്ദ്രങ്ങളിലും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധിയും, പരിശോധന ഫീസും വാഹന ഉടമസ്ഥർക്ക് കാണുന്ന വിധത്തിൽ ബോർഡ് എഴുതി പ്രദർശിപ്പിക്കണം. അല്ലാത്ത പക്ഷം അത്തരം പുക പരിശോധന കേന്ദ്രങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആർടിഒ ജിജി ജോർജ് അറിയിച്ചു.