ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും : ഓർഡറില്ലാതെ എങ്ങനെ ഓടും

Monday 14 September 2020 9:56 PM IST

പത്തനംതിട്ട : ഡ്രൈവിംഗ് പരിശീലനവും ടെസ്റ്രും ഇന്നലെ ആരംഭിക്കാനായിരുന്നു വകുപ്പ് മന്ത്രിയുടെ നിർദ്ദേശമെങ്കിലും ഗവൺമെന്റ് ഓർഡർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ഇതുമൂലം ടെസ്റ്റ് നടന്നില്ല. ജില്ലയിൽ ആ ആറ് ആർ.ടി.ഒ ഓഫീസുകളാണുള്ളത്. കൊവിഡ് മാനദണ്ഡപ്രകാരം എങ്ങനെ ടെസ്റ്റ് നടത്താമെന്ന നിർദ്ദേശം വെള്ളിയാഴ്ച തന്നെ ലഭിച്ചിരുന്നു. ആറ് മാസമായി ടെസ്റ്റ് നടന്നിട്ട്. ലോക്ക് ഡൗണിന് മുമ്പ് ലേണേഴ്സ് എടുത്തവർക്കും ടെസ്റ്റിൽ പരാജയപ്പെട്ടവർക്കുമാണ് ടെസ്റ്റ് എന്ന് ആദ്യം അറിയിച്ചിരുന്നു. തീയതി കഴിഞ്ഞിട്ടും ഓർഡർ ലഭിക്കാഞ്ഞത് ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും അപേക്ഷകരെയും വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.

കോന്നിയിൽ വേണ്ട

കോന്നി ആർ.ടി.ഒ ഓഫീസ് ജൂലായ് 3നാണ് ഉദ്ഘാടനം ചെയ്തത്. ലേണേഴ്സ് നടന്നിടത്തു തന്നെ ടെസ്റ്രും നടത്തണമെന്നാണ് നിയമം. എന്നാൽ കോന്നി പരിധിയിലുള്ളവർ ജൂലായ്ക്ക് മുമ്പ് പത്തനംതിട്ട ആർ.ടി.ഒ ഓഫീസിൽ ലേണേഴ്സ് നടത്തിയിരുന്നു. ഇവർക്ക് പത്തനംതിട്ടയിൽത്തന്നെ ടെസ്റ്റും നടത്തേണ്ടിവരും. എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുകയാണെങ്കിൽ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഡ്രൈവിംഗ് സ്കൂളുകൾ തുറന്നു

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകൾ തുറന്നു. വീട്ടിലിരുന്ന് ഡ്രൈവിംഗ് പഠിച്ചവരുമുണ്ട്. ഇനി ലൈസൻസ് എടുക്കാനുള്ള തയാറെടുപ്പുകൾമതി. ഒരാഴ്ചയ്ക്ക് ശേഷമേ പ്രവർത്തനം സുഗമമാകു.

-----------------

" ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും നടത്താനുള്ള ഓ‌ർഡർ കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്കൂളുകൾ തുറക്കുകയും ചെയ്തു. കാര്യങ്ങളിൽ വ്യക്തതയില്ല"

ഷിജു ഏബ്രഹാം

(ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ്

അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് )