കോന്നി മെഡിക്കൽ കോളേജ് നാടിന് സമർപ്പിച്ചു: തലയെടുപ്പോടെ കോന്നി
കോന്നി : സംസ്ഥാനത്തെ 33ാമത്തെ മെഡിക്കൽ കോളേജ് കോന്നിയിൽ മുഖ്യമന്ത്റി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പത്തനംതിട്ട ജില്ലയിലെയും സമീപ ജില്ലകളിലെയും ആരോഗ്യ - വിദ്യാഭ്യാസ മേഖലയിൽ കോന്നി ഗവ. മെഡിക്കൽ കോളേജ് ഇനി ഒരു മുതൽക്കൂട്ടായി മാറും. ശബരിമലയിൽ നിന്ന് വേഗത്തിൽ എത്തിച്ചേരാമെന്ന പ്രത്യേകതയും കോന്നിക്കുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ നെടുമ്പാറയിലാണ് മെഡിക്കൽ കോളേജ്.
50 ഏക്കറിലാണ് ആശുപത്രി മന്ദിരവും അക്കാദമിക് ബ്ളോക്കും. എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കുന്നതിന് ഉടൻതന്നെ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകും. ഐ.പി വിഭാഗവും ഈ വർഷം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
അടൂർ പ്രകാശ് മന്ത്റിയായിരുക്കുമ്പോഴാണ് 2012 മാർച്ച് 24ന് കോന്നിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ സർക്കാർ ഉത്തരവായത്. 2013 മാർച്ച് 23 ന് നിർമ്മാണം തുടങ്ങി, 2015ജൂൺ 22ന് നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും വൈകി.
സമർപ്പിച്ചത് 130 കോടിയുടെ ആദ്യഘട്ട പദ്ധതി
ആദ്യഘട്ടമായി 130 കോടി രൂപ ചെലവിൽ പണികഴിപ്പിച്ച ആശുപത്രി കെട്ടിടവും അക്കാദമിക് ബ്‌ളോക്കുമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. നാല് നിലകളുള്ള കെട്ടിടത്തിൽ കാഷ്വാലിറ്റി, ഒ.പി, ഐ.പി, അഡ്മിനിസ്‌ട്രേഷൻ വിഭാഗങ്ങൾ, ഓപ്പറേഷൻ തീയേറ്ററുകൾ, കാന്റീൻ തുടങ്ങിയവയാണ് പ്രവർത്തിക്കുന്നത്. നാല് നിലകളിലായി പ്രവർത്തിക്കുന്ന അക്കാദമിക് ബ്‌ളോക്കിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, ക്ലാസ് മുറികൾ, ലാബ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ടത്തിൽ 351 കോടിയുടെ പണികൾ
രണ്ടാംഘട്ടത്തിൽ 351 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനുള്ള ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് പണം ലഭ്യമാകുന്ന മുറയ്ക്ക് ഉടൻതന്നെ നിർമ്മാണം തുടങ്ങും. രണ്ടാംഘട്ടത്തിൽ ഐ.പി ബ്ളോക്കും ഓപ്പറേഷൻ തീയേറ്ററുകളും ക്വാർട്ടേഴ്സുകളും മറ്റ് അടിസ്ഥാന ഭൗതിക സാഹചര്യങ്ങളും സജ്ജമാക്കണം.
കോന്നിയിൽ നിന്ന് ആറ് കിലോമീറ്ററാണ് മെഡിക്കൽ കോളേജിലേക്കുള്ളത്. പയ്യനാമൺ റോഡിൽ എലയറയ്ക്കൽ എത്തി ആനകുത്തി വഴി വേണം പോകേണ്ടത്. ശബരിമലയിൽ നിന്ന് 81 കിലോമീറ്റർ ദൂരമുണ്ട്. ശബരിമല തീർത്ഥാടകർക്കും ഏറെ പ്രയോജനകരമാണ്. അത്യാഹിതങ്ങളുണ്ടായാൽ നിലവിൽ കോട്ടയം മെഡിക്കൽ കോളേജിനെയാണ് ആശ്രയിക്കുന്നത്.
പത്തനംതിട്ട ജില്ലയോട് ചേർന്നുകിടക്കുന്ന ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത പൂർത്തീകരിക്കുന്നതോടെ വേഗത്തിൽ കോന്നിയിൽ എത്താൻ സാധിക്കും.
ഇന്ന് മുതൽ ഒ.പി
ഇന്ന് മുതൽ ഒ.പി പ്രവർത്തനം തുടങ്ങും. ജനറൽ ഒ.പി മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുന്നത്. ജനറൽ മെഡിസിൻ, സർജറി, പീഡിയാട്റിക്, ഓർത്തോപീഡി, ഇ.എൻ.ടി, ഡെന്റൽ, ഒഫ്താൽമോളജി സേവനങ്ങൾ ആ്യദഘട്ടം ലഭിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രവർത്തന സമയം. ഞായറാഴ്ച അവധി ആയിരിക്കും
യു.ഡി..എഫ് ബഹിഷ്കരിച്ചു
കോന്നി : മെഡിക്കൽ കോളേജ് ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്കരിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി തുടങ്ങിയവരെ ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിലും ഇവർ എത്തിയില്ല. അടൂർ പ്രകാശ് എം.എൽ.എ ആയിരുന്ന കാലത്ത് കൊണ്ടുവന്ന മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിൽ യു.ഡി.എഫ് ജനപ്രതിനിധികൾക്കും നേതാക്കൾക്കും അർഹിക്കുന്ന പ്രാതിനിത്യം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. ചടങ്ങിൽ അടൂർ പ്രകാശ് എം.പിയ ഉൾപ്പെടുത്തിയിരുന്നുമില്ല.