സ്‌കൂളുകൾ തുറക്കുമ്പോഴുള്ള സാഹചര്യം പഠിച്ചുവരുന്നു: കേന്ദ്രം

Tuesday 15 September 2020 12:00 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുളള പ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടും കാര്യങ്ങൾ പഠിച്ചു വരികയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് ലോകസഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.

വിദ്യാർത്ഥി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് യു.ജി.സി, എൻ.സി.ആർ.ടി, എ.ഐ.സി.ടി.ഇ, സി.ബി.എസ്.ഇ, സംസ്ഥാന മന്ത്രിമാർ, സെക്രട്ടറിമാർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയെന്ന് മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോക്കാൾ മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കുന്നതിന് ദീർഘകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാനും അദ്ധ്യാപനം, പഠനം, പരിശീലനം തുടങ്ങിയവ പുനരാരംഭിക്കാനും രൂപീകരിച്ച യു.ജി.സിയുടെ സമിതിയും കാര്യങ്ങൾ പഠിച്ചു വരുന്നു.

ഓൺലൈൻ വിദ്യാഭ്യാസം ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് എൻ.സി.ഇ.ആർ.ടി കേന്ദ്രീയ വിദ്യാലയ നവോദയ വിദ്യാലയത്തിലും, സി.ബി.എസ്.ഇ സ്‌കൂളുകളിലും സർവേ നടത്തി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും കുടുംബങ്ങളുടെയും മാനസികാരോഗ്യ സംരക്ഷണത്തിന് സഹായകരമായ നടപടി സ്വീകരിക്കും. മനോദർപ്പൺ എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആരോഗ്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ മാർഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് മറുപടി നൽകി.