നവീകരിച്ച ഗരുഡൻകുളം പാർക്ക് തുറന്നു
കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് കോർപ്പറേഷൻ നവീകരിച്ച ഗരുഡൻകുളം പാർക്കിന്റെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.
50 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ പദ്ധതിയിൽ ഓപ്പൺ സ്റ്റേജ്, ഗ്രീൻ റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടും. കുളത്തിന് ചുറ്റുമുള്ള നടപ്പാത ഉയർത്തി ഇന്റർലോക്ക് ടൈലുകൾ പാകുകയും ഓപ്പൺ സ്റ്റേജിന് മുൻവശം പ്രകൃതിദത്ത സ്റ്റോൺ പാകി മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
അഡ്വഞ്ചർ സ്‌പോർട്‌സിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സിപ്പ് ലൈൻ പൂർത്തിയാക്കി. പവർ ബോർഡ് ഗലേറിയയാണ് ഇത് നിർമ്മിച്ചത്. കുട്ടികളുടെ വിനോദത്തിനായി സീസോ, സ്ലൈഡ്, സ്വിംഗ്, റോപ്പ് ക്ലൈംബർ, വെബ് ക്ലൈംബർ എന്നിവയൊരുങ്ങി. പാർക്കിൽ സോളാർ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരാസൂത്രണ സ്ഥിരം സമിതി ചെയർമാൻ എം.സി.അനിൽകുമാർ സ്വാഗതവും അസി. എൻജിനിയർ ജിത്തു നന്ദിയും പറഞ്ഞു.