ശ്രീനാരായണ ഗുരുദേവ സർവകലാശാല

Tuesday 15 September 2020 12:33 AM IST

വിദ്യകൊണ്ട് സ്വതന്ത്രരാവുക, പ്രബുദ്ധരാവുക എന്ന മഹത് സന്ദേശം നൽകിയ, നവോത്ഥാന നായകൻശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാല കൊല്ലത്ത് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ശ്രീനാരായണ ദർശനം നെഞ്ചിലേറ്റുന്ന വലിയ ഒരു ജനസമൂഹത്തിന്റെ ചിരകാല അഭിലാഷത്തിന്റെ സാക്ഷാത്‌കാരമാണ്.

ഗുരുദേവ നാമധേയത്തിലുള്ള പ്രസ്തുത സർവകലാശാലയുടെ ആസ്ഥാനം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലസ്ഥാനമായ കൊല്ലം തന്നെയെന്ന തീരുമാനം ഏറ്റവും ഉചിതം തന്നെയാണ്. ഇതിനെ ശ്രീനാരായണ സമൂഹം ആഹ്ളാദത്തോടെ സ്വീകരിക്കും.

മുഖ്യമന്ത്രി അഭിനന്ദനം അർഹിക്കുന്നു. കലാശാലാ തലത്തിലുള്ള വിദൂര, പ്രൈവറ്റ് വിദ്യാഭ്യാസം മുഴുവൻ ഇനിമേൽ പ്രസ്തുത സർവകലാശാലയുടെ കീഴിലായിരിക്കും. ഇപ്പോൾ യു.ജി.സി നൽകിയ ഇളവുകളോടെ ഇത് കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല വഴിയാണ് നടത്തുന്നത്. യു.ജി.സി ഇളവുകൾ പിൻവലിക്കുന്നതോടെ ഇത് അസാദ്ധ്യമായി വരും. അതുകൊണ്ടുതന്നെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ മുഴുവൻ ഒരൊറ്റ ഓപ്പൺ സർവകലാശാലയുടെ കീഴിൽ വരുന്ന വഴി അതിന് ഒരു ഏകീകൃത സ്വഭാവം കൈവരുകയും കോഴ്സുകൾ കൃത്യതയോടെ സമയബന്ധിതമായി നടത്താനും കഴിയും.

ഈ ഓപ്പൺ സർവകലാശാല ഒരു ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രമായിട്ടു കൂടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത സർവകലാശാലയുടെ തലപ്പത്ത് വരുന്നവർ, പ്രത്യേകിച്ച് വൈസ് ചാൻസലർ തുടങ്ങിയവർ, ഗുരുദേവ ദർശനത്തേയും ഗുരുദേവ കൃതികളെയും പറ്റി വ്യക്തമായ അവബോധമുള്ളവരായിരിക്കണം. വൈസ് ചാൻസലർ പോലുള്ള നിയമനത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾക്കോ മറ്റു വടംവലികൾക്കോ മുഖ്യമന്ത്രി ഇടം നൽകില്ലെന്ന് ശ്രീനാരായണ സമൂഹത്തിന് ഉറപ്പുണ്ട്.

ശ്രീനാരായണ ഗുരുദേവ ഓപ്പൺ സർവകലാശാലയ്ക്ക് എല്ലാ ആശംസകളും നേരുന്നു.

പ്രൊഫ. ജി. മോഹൻദാസ്

കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ മുൻ സെക്രട്ടറി