സെക്രട്ടേറിയറ്റിലെ 40 കാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കും

Tuesday 15 September 2020 12:00 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ എൻ.ഐ.എ സെക്രട്ടേറിയറ്റിലെ 40 കാമറകളിലെ ഒരുവർഷത്തെ ദൃശ്യങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയും കാമറാദൃശ്യങ്ങളാണ് പരിശോധിക്കുക. ദൃശ്യങ്ങൾ പകർത്തി നൽകണമെന്ന് പൊതുഭരണവകുപ്പിനോട് എൻ.ഐ.എ നിർദ്ദേശിച്ചു.

രണ്ട് അനക്സുകളിലും ഗേറ്റുകളിലുമുൾപ്പെടെ 83 കാമറകളിലെ 2019 ജൂലായ് ഒന്നു മുതൽ 2020 ജൂലായ് 12 വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആദ്യം ആവശ്യപ്പെട്ടത്. ഇതത്രയും പകർത്താൻ 400 ടി.ബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണെന്നും ഇത് വിദേശത്തുനിന്ന് വരുത്താൻ ചെലവേറുമെന്നും പൊതുഭരണവകുപ്പ് അറിയിച്ചു. കാമറാ സംവിധാനത്തിന്റെ വിന്യാസം പരിശോധിച്ച ശേഷമാണ് 40 കാമറകളിലെ ദൃശ്യങ്ങൾ മതിയെന്ന് എൻ.ഐ.എ അറിയിച്ചത്. ദൃശ്യങ്ങൾ പകർത്താനുള്ള ഹാർഡ് ഡിസ്കിന് 70ലക്ഷം രൂപ ചെലവുണ്ടാവും. ഇത് വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കും. സെക്രട്ടേറിയറ്റ് അനക്സിലെ ദൃശ്യങ്ങളൊന്നും എൻ.ഐ.എ ആവശ്യപ്പെട്ടിട്ടില്ല. ഇ.ഡി ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഒന്നാം അനക്സിലാണ്.