ജലീലിനെ മതനേതാക്കൾ ന്യായീകരിക്കുന്നത് ദുരൂഹം: ഫിറോസ്

Tuesday 15 September 2020 12:00 AM IST

കോഴക്കോട് : സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാവേണ്ടി വന്ന മന്ത്രി കെ.ടി. ജലീലിനെ മതനേതാക്കൾ ന്യായീകരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോൾ മതനേതാക്കളെ വിളിച്ച് സഹായമഭ്യർത്ഥിക്കുകയായിരുന്നു ജലീൽ. വിശുദ്ധ ഖുർ ആൻ പരിചയാക്കി തട്ടിപ്പിൽ നിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.ആഗസ്റ്റ് 6ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് വിദേശത്ത് നിന്ന് അയച്ച ഖുർ ആൻ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു. എന്നാൽ തൂക്കത്തിൽ 20 കിലോ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയപ്പോൾ 24 കോപ്പി സി.ആപ്‌റ്റിലെ ജീവനക്കാർ എടുത്തിട്ടുണ്ടെന്നായി. ഇത്രയും കോപ്പിയെടുത്തെന്ന് പറയാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുകയാണ് മന്ത്രി.